കേരളത്തില്‍ വരാന്‍ പോകുന്ന ഓള് ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആലപ്പുഴ ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ്. വൈറല്രോഗങ്ങളുടെ കെണിയില്‍ പെട്ടു കിടക്കുന്നൊരു ജില്ലയാണ് ആലപ്പുഴ. ആരോഗ്യമേഖലയില്‍ കുതിക്കാന്‍ ആലപ്പുഴയില്‍ എയിംസ് പോലൊരു കേന്ദ്രസ്ഥാപനം അത്യാവശ്യമാണ്. ചിക്കന്‍ഗുനിയ, എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ഡെങ്കു തുടങ്ങി പകര്‍ച്ചാവ്യാധികളില്‍ മിക്കവയും ആദ്യം സ്ഥിരീകരിക്കാറുള്ളത് ആലപ്പുഴ ജില്ലയിലാണ്. തുടര്‍ച്ചയായി ഉണ്ടാവുന്ന ശിശുമരണവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. തീരദേശതൊഴിലാളികളും, കര്ഷകതൊഴിലാളികളും, മത്സ്യതൊഴിലാളികളുമെല്ലാം അടങ്ങുന്ന ലക്ഷകണക്കിനാളുകള്‍ ജീവിക്കുന്ന സാധരണക്കാരുടെ ജില്ലയാണ് ആലപ്പുഴ. അത് കൊണ്ട് തന്നെ കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴ ജില്ലയില്‍ സ്ഥാപിക്കണമെന്നാണ് ആര്.സി രാജീവ്ദാസ് മുന്നോട്ടുവെക്കുന്ന ആവശ്യം.

കഴിഞ്ഞ ദിവസം എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്നും കേരളത്തില്‍ എയിംസിന്റെ സാധ്യതകള്‍ വളരെ വലുതാണെന്നും ജനങ്ങള്‍ക്ക് ഗുണകരമാവുമെന്നും കാണിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.
തീരദേശ മേഖലകളിലൂടെ രോഗങ്ങള്‍ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. രോഗങ്ങളും പകര്‍ച്ചാവ്യാധികളും പടരുന്ന അടിസ്ഥാനത്തിലും ജില്ലയിലെ ആരോഗ്യമേഖലയിലെ വികസനത്തിനുള്ള ചുവടുവെപ്പ് എന്ന നിലയിലും കേരളത്തില്‍ ആലപ്പുഴ ജില്ലയിലാണ് എയിംസ് സ്ഥാപിക്കേണ്ടതെന്ന ആവശ്യമായിരുന്നു ഡോ.രാജീവ്മേനോന്‍ അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണം കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രസ്താവനയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. എയിംസ് തെക്കന്‍ കേരളത്തില്‍ തന്നെ സ്ഥാപിക്കണമെന്നാണ് സുരേഷ്ഗോപിയും ആവശ്യപ്പെട്ടിരിക്കുന്നത്. തെക്കന്ജില്ല തന്നെ എയിംസിന് വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചത് ഏറ്റവും സ്വാഗതാര്‍ഹം തന്നെയാണെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. എയിംസ് സാക്ഷാത്കരിക്കാനുള്ള നടപടികള്‍ കേരളത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ആലപ്പുഴ എന്ന തീരദേശമേഖലയില്‍ ഒരുപാട് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ്. എയിംസ് ആലപ്പുഴയില്‍ വരുന്നതോടെ ജനങ്ങള്‍ക്ക് അതൊരു കൈത്താങ്ങായി മാറും. ഓരോ ഘട്ടത്തിലും കേരളം ഉയര്‍ന്ന പ്രതീക്ഷയിലാണു മുന്നോട്ടു പോകുന്നത്. എന്നാല്‍ കൈയ്യെത്താ ദുരത്ത് പ്രഖ്യാപനം അകന്നു പോവുകയാണ് ഉണ്ടാവുന്നത്. 2024 ല്‍ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എയിംസിനായുള്ള ചര്‍ച്ചകള്‍ പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഈ വര്‍ഷം തന്നെ ഇതിനായുള്ള സുപ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്നാണു കരുതുന്നത്. എയിംസ് വന്നാല്‍ കേരളത്തിന്റെ ആരോഗ്യ ഗവേഷണ മേഖലയ്ക്ക് അത് പുത്തന്‍ ഉണര്‍വായിരിക്കും നല്‍കുന്നത്. അത്യാധുനിക ചികിത്സകളെല്ലാം സൗജന്യമായി ലഭ്യമാകും. കൂടാതെ വിദഗ്ധ ഡോക്ടര്‍മാര്‍ കേരളത്തിലേക്കെത്തും. പ്രാഗത്ഭ്യമുള്ള ഒരു വന്‍സംഘം ഡോക്ടര്‍മാര്‍ ഇവിടെയുണ്ടാവും. എല്ലാവിധ വിദഗ്ദ്ധ ചികിത്സയും ലോകോത്തര ഗവേഷണവും നടക്കുന്ന കേന്ദ്രസ്ഥാപനമാണ് എയിംസ്. വൈറോളജിയിലും രോഗങ്ങളിലും ഗവേഷണവും വിദഗ്ദ്ധഡോക്ടര്മാരും ലോകോത്തര ചികിത്സാസൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും കേരളത്തിനും ലഭിക്കും. മികച്ച ചികിത്സ നല്കുന്ന ആശുപത്രികളേറെയുണ്ടെങ്കിലും ഗവേഷണ സ്ഥാപനങ്ങളില്ലാത്തത് നമ്മുടെ ആരോഗ്യമേഖലയുടെ പരിമിതിയാണ്. ആരോഗ്യ മേഖലയില്‍ കുതിക്കാന്‍ കേരളത്തിന് എയിംസ് പോലൊരു കേന്ദ്രസ്ഥാപനം അത്യാവശ്യമാണെന്നും കേരളത്തിന് എയിംസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.

അതേസമയം, എയിംസിന് ആലപ്പുഴയില്‍ അനുയോജ്യമായ സ്ഥലമാണ് പുറക്കാട്. വനമില്ലാത്ത ആലപ്പുഴ ജില്ലയില്‍ വനം വെച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 1994 ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറക്കാട് മണക്കല്‍ പാടശേഖരം ഗാന്ധി സ്മൃതി വന പദ്ധതിക്കായി ഏറ്റെടുത്തത്. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് പദ്ധതിയുടെ ഉദ്ഘാടനവും നടത്തിയിരുന്നു. 600 ഏക്കറില്‍ നൂറു മേനി വിളവ് കൊയ്തിരുന്ന പാടശേഖരത്ത് 435 ഏക്കര്‍ നിലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഉദ്ഘാടനം നടന്നതല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടന്നില്ല. പദ്ധതി പ്രദേശം ഇതോടെ ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ ഐ.ടി. പാര്‍ക്ക് നിര്‍മാണത്തിനായി നൂറേക്കര്‍ സ്ഥലം ഏറ്റെടുത്തു. ഇതില്‍ എട്ട് ഏക്കര്‍ മണ്ണിട്ട് നികത്തുകയും ചെയ്തു. ഈ പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതിക അനുമതി ലഭിക്കാതെ വന്നതോടെ ഐ.ടി പാര്‍ക്ക് കടലാസിലൊതുങ്ങി. തുടര്‍ന്നു വന്ന
യുഡിഎഫ് സര്‍ക്കാര്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും അതും നടപ്പായില്ല. ഇതിനിടയില്‍ ഇവിടെ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ സന്നദ്ധത അറിയിച്ചെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയില്‍ 20 വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കണമെന്ന നിയമവും ഇവിടെ നടപ്പായിട്ടില്ല. അതു കൊണ്ട് തന്നെ സര്‍ക്കാര്‍തലത്തില്‍ വെച്ചിരിക്കുന്ന ഈ ഭൂമിക്ക് മറ്റ് തടസ്സങ്ങളൊന്നും ഇല്ല. എയിംസ് സ്ഥാപിക്കാന്‍ ആലപ്പുഴയില്‍ ഏറ്റവും അനുയോജ്യമായ സ്ഥലവും ഇത് തന്നയാണ്. ആലപ്പുഴയില്‍ പുറക്കാട് ഭൂമിയില്‍ തന്നെ എയിംസ് സ്ഥാപിക്കാനുള്ള ആവശ്യം ശക്തമാക്കുമെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.