വയനാട് ലോക്സഭാ മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. വയനാട് എന്റെ കുടുംബമാണെന്നു പറഞ്ഞിരുന്ന രാഹുല്‍ഗാന്ധി ഇപ്പോള്‍ റായ്ബറേലിയാണ് തന്റെ കുടുംബമെന്നാണ് പറയുന്നത്. നേരത്തേ ഇത് അമേഠിയായിരുന്നു. രാഹുല്‍ ഗാന്ധി ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയം വയനാട്ടിലും ആവര്‍ത്തിച്ചുവെന്ന് വേണം പറയാന്‍. രാഹുല്‍ ഗാന്ധിയെ പോലെ ഒരു ഭീരു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറെ ഇല്ല. ജനങ്ങളെ പറ്റിക്കുന്ന കാര്യത്തില്‍ അദ്ദേഹം മിടുക്കനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. റായ്ബറേലിയില്‍ മത്സരിക്കുന്ന കാര്യം വയനാട് തിരഞ്ഞെടുപ്പിനുമുമ്പ് പറയാനുള്ള ധാര്‍മികതപോലും രാഹുല്‍ കാണിച്ചില്ല. വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപി ആവണമെന്ന് ആഗ്രഹിച്ചാണ് എല്ലാവരും വോട്ട് ചെയ്തത്. എന്നാല്‍ പെട്ടെന്നുള്ള മാറ്റം വോട്ട് ചെയ്ത ഓരോരുത്തര്‍ക്കുമുള്ള തിരിച്ചടിയാണെന്നും ഡോ.രാജീവ്‌മേനോന്‍ തുറന്നു പറഞ്ഞു.
വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് തന്ത്രപരമായി റായ്ബറേലിയില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ തന്നെ രാഹുല്‍ രണ്ടിടങ്ങളില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നെങ്കിലും വോട്ട് നഷ്ടമാകുമെന്ന് ഭയന്ന് പാര്‍ട്ടി ഇക്കാര്യം മറച്ചുവെയ്ക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി മണ്ഡലമൊഴിയുന്നതില്‍ വയനാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ട്. ദേശീയ നേതാവിനപ്പുറം രാഹുലിനെ തങ്ങളിലൊരുവനായാണ് വോട്ടര്‍മാരില്‍ ഭൂരിഭാഗവും നോക്കിക്കാണുന്നത്. അതിന്റെ പ്രതിഫലനമാണ് ഇത്തവണത്തെയും ലീഡിലുള്ളത്. എന്നിട്ടു പോലും യാതൊരുവിധ മുന്നറിയിപ്പും വയനാട്ടിലെ വിശ്വസ്തരായ വോട്ടര്‍മാര്‍ക്ക് രാഹുല്‍ഗാന്ധി നല്‍കിയില്ല എന്നത് കൊടും ചതിയാണ്. വയനാട്ടിലെ കുടുംബങ്ങളെ ഗാന്ധി കുടുംബം ഒന്നടങ്കം പറ്റിക്കുകയാണ്. ഇപ്പോള്‍ പ്രിയങ്കയെ നിര്‍ത്തി ജനങ്ങളെ വീണ്ടും വിഡ്ഡികളാക്കുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് പിന്‍മാറിയത് രാഷ്ട്രീയ ധാര്‍മികതക്ക് ചേരാത്ത നടപടിയാണെന്നും ഡോ.രാജീവ്‌മേനോന്‍ വിമര്‍ശിച്ചു. രാഷ്ട്രീയമായ അനീതിയാണിത്. ഭരണഘടന അനുശാസിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതില്‍ തെറ്റില്ല. മുന്‍കൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റെന്നും ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി.