ചെന്നൈ: തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ വീതം തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 42 പേരാണ് മരിച്ചത്. പത്ത് പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. കള്ളാക്കുറിച്ചിയിലുള്ള കരുണാപുരം കോളനിയില്‍ നിന്ന് മാത്രം വിഷമദ്യ ദുരന്തത്തില്‍ നഷ്ടമായത് 26 പേരുടെ ജീവനാണ്.
ഇന്നലെ വൈകുന്നേരമാണ് മദ്യം വാങ്ങി കഴിച്ചത്. വീട്ടിലെത്തിയ ഉടനെ ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെടുകയായിരുന്നു. ചിലര്‍ക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ചിലര്‍ക്ക് കേള്‍വി നഷ്ടപ്പെട്ടു. ഇന്നലെ രാത്രി 9 പേരാണ് മരിച്ചത്. മദ്യത്തില്‍ മെഥനോള്‍ അടങ്ങിയിരുന്നതായാണ് പറയുന്നത്. രാത്രിയില്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് ഓരോ ആളുകളും മരിച്ചുവീഴുകയായിരുന്നു. കൂടുതല്‍ ആളുകളെ ഇത് ബാധിച്ചപ്പോഴാണ് വ്യാജ മദ്യം കഴിച്ചാണ് ഇത്തരത്തില്‍ ദുരന്തം ഉണ്ടായതെന്ന് അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും മനസിലായത്.