നിര്‍മാണത്തിലിരിക്കുന്ന വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് സുരേഷ്ഗോപി പറഞ്ഞു. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് വിഴിഞ്ഞം തുറമുഖത്ത് ഇനിയും വിപുലീകരിക്കേണ്ടി വരും. റെയില്‍വേ ഉള്‍പ്പെടെ ഉള്ളവ ഇനിയും തുടങ്ങേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും കേന്ദ്രമന്ത്രി എന്ന നിലയില്‍ ചെയ്യും. ലോകം കാംക്ഷിക്കുന്ന ഏറ്റവും പ്രായോഗികമായ ഒരു തുറമുഖമാകും വിഴിഞ്ഞമെന്ന് സുരേഷ്ഗോപി പറഞ്ഞു.
അതേ സമയം, വിഴിഞ്ഞം പദ്ധതിയ്ക്കായി ഒരു പക്ഷവും ചേരാതെ കൂടുതല്‍ നിക്ഷേപം താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മുതലപ്പൊഴിയില്‍ ശാന്തമായി കാര്യങ്ങള്‍ തീരുമാനിക്കും. മത്സ്യ കര്‍ഷകരുടെ കാര്യത്തില്‍ ആദരവോടെ കാര്യങ്ങള്‍ ചെയ്യണം. ദീര്‍ഘകാല അടിസ്ഥാനത്തില്‍ തന്നെ മുതലപ്പൊഴിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം മന്ത്രി എന്ന നിലയില്‍ വിഴിഞ്ഞവുമായും മുതലപ്പൊഴിയുമായി ബന്ധപ്പെട്ട കൂടുതല്‍ സാധ്യതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.