തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.ബിജെപിക്ക് വോട്ട് ചെയ്തവര്‍ തെറ്റുതിരുത്തണമെന്നതിനോടൊപ്പം ക്രൈസ്തവസഭാ നേതൃത്വത്തിനെ ഭീഷണിപ്പെടുത്തുന്ന സ്വരത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍ മണിപ്പൂര്‍ വിഷയം എത്ര ആളി കത്തിച്ചിട്ടും വിശ്വാസികള്‍ ഏറ്റെടുക്കാതിരുന്നതിന്റെ ചൊരുക്കാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
സമസ്തയുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമര്‍ശനത്തോട് മൃദുസമീപനം പുലര്‍ത്തുന്ന മുഖ്യമന്ത്രി ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരെ ഭീഷണിപ്പെടുത്തുകയാണ്. അതേ സമയം, എംവി ഗോവിന്ദന് പറയുന്നത് മുസ്ലിം പ്രീണനം സിപിഎം നിര്‍ത്തില്ലെന്നാണ്. ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇസ്ലാമിസ്റ്റുകള്‍ക്കൊപ്പമാണെന്നാണ് അദ്ദേഹം അതിന് കാരണമായി പറയുന്നത്. അതുകൊണ്ടാണ് എസ്എന്‍ഡിപി യോഗത്തിന് നേരെ കുതിരകയറുന്നത്. ബിജെപിയുടെ ജനകീയ മുന്നേറ്റത്തെ എന്ത് വില കൊടുത്തും തടയുമെന്നാണ് ഗോവിന്ദന് പറഞ്ഞതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
വിദേശഫണ്ട് ലഭിക്കാന്‍ വേണ്ടിയാണ് ക്രൈസ്തവര്‍ ബിജെപിക്ക് വോട്ട് ചെയ്തതെന്ന വാദം അങ്ങേയറ്റത്തെ അവഹേളനമാണ്.ജനാധിപത്യവിരുദ്ധമായ പ്രസ്താവനയാണത്. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ക്രൈസ്തവ നേതൃത്വത്തെ സിപിഎം അടച്ചാക്ഷേപിക്കുകയാണ്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെഇസ്ലാമിയും ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് എന്ത് ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കൂടാതെ, കെകെ ശൈലജയെ വടകരയില്‍ ജനം തോല്‍പ്പിച്ചത് മുഖ്യമന്ത്രിയാക്കാനാണെന്നാണ് പി.ജയരാജന്റെ കണ്ടെത്തല്‍. പിണറായി വിജയനെ മാറ്റണമെന്നാണ് സിപിഎമ്മിലെ നേതാക്കള്‍ പരസ്യമായി പറയുന്നത്. മുഖ്യമന്ത്രിയാകാതിരിക്കാനാണോ ശൈലജയെ പിണറായി വടകര സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഇടത് നേതാക്കള്‍ പറയട്ടെയെന്നും തിരഞ്ഞെടുപ്പിലെ വന്‍ പരാജയം സിപിഎം നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.