തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. കൊലപാതകം ക്വട്ടേഷനാണെന്നും ക്വട്ടേഷന്‍ നല്‍കിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്നും പ്രതി അമ്പിളി മൊഴി നല്‍കി. കൊലയ്ക്ക് ഉപയോഗിച്ച മാസ്‌കും കത്തിയും നല്‍കിയത് അമ്പിളിയാണ്. എന്നാല്‍ അമ്പിളി കുറ്റംസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് അന്വേഷണ സംഘം. ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്. അമ്പിളിയുടെയും കൊല്ലപ്പെട്ട ദീപുവിന്റെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇവരുമായി ബന്ധപ്പെട്ട ആളുകളെയും ഇന്ന് ചോദ്യം ചെയ്‌തേക്കും.
എന്നാല്‍ പണത്തെ കുറിച്ച് വ്യക്തമായ ഉത്തരം പോലീസിന് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയിലും പോലീസ് പൂര്‍ണ്ണമായിട്ട് വിശ്വസിച്ചിട്ടില്ല. അമ്പിളിയുടെ വീടായ മലയത്തും കാറില്‍ കയറിയ നെയ്യാറ്റിന്‍കരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ദീപുവിന് വന്ന കോളുകളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തുന്നുണ്ട്.