ഡല്‍ഹിയിലെ നരേല മേഖലയില്‍ 10 വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി 9:45 ഓടെ വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി തിരിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കല്ലും ഇഷ്ടികയും ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലക്കടിച്ച് കൊല്ലുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട്, കുട്ടിയുടെ ചേതനയറ്റ ശരീരം സമീപത്തെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ തല തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിരുന്നു. എന്നാല്‍ സെക്ടര്‍ ആറില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചത് വസ്ത്രങ്ങള്‍ കണ്ടതിന് ശേഷമാണ്. ഫാക്ടറി ജീവനക്കാരനായ രാഹുല്‍ എന്ന 20 വയസ്സുള്ള യുവാവാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍, ദേവദത്ത് (30) എന്ന മറ്റൊരാളുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി രാഹുല്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. രാഹുല്‍ റബ്ബര്‍ സിലിണ്ടര്‍ ട്യൂബ് നിര്‍മ്മാണ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. ദേവദത്ത് കുട നിര്‍മ്മാണ ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇരുവരും നരേലയിലാണ് താമസിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.
ഇരുവരെയും അറസ്റ്റ് ചെയ്യുകയും ഐപിസി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), 302 (കൊലപാതകം), 376 ഡി (കൂട്ടബലാത്സംഗം), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ (പോക്സോ) നിയമത്തിലെ സെക്ഷന്‍ 6 (ഗുരുതരമായ ലൈംഗികാതിക്രമം) എന്നിവ പ്രകാരം കേസെടുത്തു.