തിരുവനന്തപുരം: പാര്‍ലമെന്റില്‍ ഭാരതസംസ്കാരത്തെ അപമാനിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ആര്.പി.ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്.സി രാജീവ് ദാസ്. ഭാരത സംസ്ക്കാരത്തെ ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഹിന്ദുക്കള്‍ എല്ലാവരും അക്രമകാരികളും അസത്യ പ്രചാരകരുമാണെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി ഭാരത സംസ്ക്കരത്തെ ഉള്ക്കൊള്ളുന്നില്ലങ്കില് അത് വ്യക്തമാക്കണമെന്നും ആര്.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. ബി.ജെ.പി.സര്‍ക്കാരിനെ താഴെയിറക്കി പ്രധാനമന്ത്രിയാകാം എന്ന മോഹത്തിലാണ് രാഹുലിന്റെ വെറളി പിടിച്ച പ്രവര്‍ത്തികള്‍. ഇന്‍ഡ്യാ മുന്നണിയ്ക്ക് അധികാരത്തിലേറാന്‍ കഴിയാത്തതിന് ഭാരത സംസ്ക്കാരത്തെയും ഹിന്ദുക്കളുടെയും മേല്‍ മെക്കിട്ടു കയറുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭഗവാന് പരമശിവനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയത്. ചിന്മുദ്ര സങ്കല്‍പ്പത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രാഹുല്‍ വികലമാക്കി അവതരിപ്പിക്കുകയാണ്. ഹിന്ദു ദൈവങ്ങള്‍ കൈയ്യില്‍ ആയുധമേന്തിയത് ധര്‍മ്മം സംരക്ഷിക്കാനാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. ശ്രീരാമന് ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം കൊടുത്തവരാണ് രാഹുലിന്റെ പാര്ട്ടിക്കാര്. വര്‍ഗീയവാദികളെ പ്രീണിപ്പിക്കാനാണ് രാഹുല്‍ ഭാരത സംസ്ക്കാരത്തെ അവഹേളിക്കുന്നതെന്നും ആര്.സി.രാജീവ് ദാസ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് മുഴുവന്‍ രാജ്യത്തെയും ഭയപ്പെടുത്തിയ കോണ്‍ഗ്രസിന്റെ പ്രതിനിധിയായ രാഹുല്‍ ഗാന്ധിക്ക് അഭയമുദ്രയെക്കുറിച്ച് പറയാന്‍ എന്ത് അര്‍ഹതയാണുള്ളത്. ഒരു പക്ഷെ ഈ രാജ്യത്തെ ഹിന്ദുക്കളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിയണമെന്നില്ല. എന്നു വെച്ച് അക്രമവുമായി ഹിന്ദു മതത്തെ ബന്ധപ്പെടുത്തുന്നത് തെറ്റാണ്. ഹിന്ദുക്കളെ അക്രമികള്‍ എന്ന് വിളിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണം. ഈ രാജ്യത്തോട് മുഴുവനായി മാപ്പ് പറയണമെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.