കാനഡയിലേക്കുള്ള എയര്‍ കാനഡ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുകാരനായി ആള്‍മാറാട്ടം നടത്തിയതിന് 24 കാരനായ ഗുരു സേവക് സിംഗ് ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. ചായം പൂശിയ മുടിയും താടിയുമായി വേഷംമാറിയ സിങ്ങിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയാസ്പദമായ പെരുമാറ്റം കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. ഗുരു സേവക് സിങ് എന്ന അഹമ്മദാബാദുകാരനും ഭാര്യ അര്‍ച്ചന കൗറുമാണ് പിടിയിലായത്.
യുപിയിലെ ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞുകൊടുത്ത ബുദ്ധിയാണ് ഇരുവരെയും കുടുക്കിയത്. മെച്ചപ്പെട്ട ജീവിതവും ജോലിയും തേടാന്‍ കാനഡയിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. യു.പിയിലെ ബിജ്നോറില് നിന്നുള്ള ജഗ്ഗിയെന്ന ഏജന്റ് വഴിയാണ് ഇവര്‍ കാനഡയിലേക്ക് പോകാന്‍ ശ്രമം നടത്തിയത്. ഇരുവര്‍ക്കുമായി ആകെ 60 ലക്ഷം രൂപയാണ് ജഗ്ഗി ആവശ്യപ്പെട്ടത്. അതില്‍ 30 ലക്ഷം രൂപയാണ് ഇതുവരെ നല്‍കിയത്. ബാക്കി 30 ലക്ഷം അവിടെ എത്തിയതിനു ശേഷം നല്കിയാല് മതിയെന്നായിരുന്നു ഡീല്‍. വയോധികരായ മറ്റ് രണ്ട് പേരുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി കാനഡയിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതിനായി ഗുരു സേവക് സിങിന് 67 കാരനായ രഷ്വീന്ദര് സിങ് സഹോതയുടെയും അര്‍ച്ചന കൗറിന് ഹര്‍ജീത് കൗര്‍ എന്ന സ്ത്രീയുടെയും പാസ്പോര്‍ട്ടാണ് നല്‍കിയത്.
ദില്ലിയിലെ തന്നെ ഒരു സലോണില്‍ ജഗ്ഗിയുടെ നിര്‍ദ്ദേശപ്രകാരം എത്തിയാണ് ഗുരു സേവകും ഭാര്യയും മേക്കോവര്‍ നടത്തിയത്. ഇതിനായി 2000 രൂപയും ചെലവായി. പാസ്പോര്‍ട്ടിലെ ചിത്രത്തിലുള്ളവരെ പോലെ തോന്നിക്കാനായിരുന്നു ഇത്. ഗുരു സേവകും ഭാര്യയും പിടിയിലായതിന് പിന്നാലെ ഉത്തരാഖണ്ഡിലെ രുദ്രാപുരിലെ ഒളിയിടത്തില്‍ നിന്ന് ജഗ്ഗിയും അറസ്റ്റിലായി.