കൊച്ചി: എസ്.എന്‍.ഡി.പി മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഒരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് വിജിലന്‍സ് എസ്പിക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. 2003 മുതല്‍ 2014 വരെയുള്ള കാലയളവില്‍ എസ്എന്‍ഡിപി സംഘങ്ങളുടെ പേരില്‍ അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പയില്‍ തിരിമറി നടത്തിയെന്നാണ് കേസ്. സാക്ഷ്യപത്രങ്ങളില്‍ കൃത്രിമത്വം കാട്ടിയും വായ്പയില്‍ ക്രമക്കേട് നടത്തിയുമാണ് തട്ടിപ്പ് ചെയ്തിട്ടുള്ളതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് ഡോ. എം.എന്‍ സോമനും പ്രതികളായ കേസിലാണ് ഉത്തരവ്. വിജിലന്‍സിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ മൈക്രോ ഫിനാന്‍സ് ഫണ്ടില്‍ വലിയ തിരിമറി നടന്നുവെന്ന് കണ്ടെത്തിയിരുന്നു. ഏതാണ്ട് പതിനാറോളം എസ്.എന്‍.ഡി.പി താലൂക്ക് യൂണിയനുകളുടെ മൈക്രോ ഫിനാന്‍സ് ഇടപാടുകളുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തല്‍.
2013- 2015 കാലയളവില്‍ നടന്ന സാമ്പത്തിക തട്ടിപ്പാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്. സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുക്കാനായി പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നും കോടിക്കണക്കിന് രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയര്‍ന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ചെയ്ത എന്നതാണ് ഈ കേസിലെ മുഖ്യ പരാതി. വെള്ളാപ്പള്ളി നടേശനാണ് കേസിലെ ഒന്നാം പ്രതി. അതോടൊപ്പം ആറ് താലൂക്ക് യൂണിയനുകളില്‍ മൈക്രോ ഫിനാന്‍സിന്റെ ഭാഗമായി ലഭിച്ച പണം യൂണിയന് ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നും അത്തരത്തില്‍ വിനിയോഗിച്ച താലൂക്ക് യൂണിയന് പ്രസിഡന്റും സെക്രട്ടറിമാരും കേസില്‍ പ്രതികളാകുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ വിവാദമുണ്ടാക്കിയ കേസില്‍ വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് വിജിലന്‍സ് എസ്.പി വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളുടെയും അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.