Newsperseconds.com

കേരളീയത്തിന്റെ അഞ്ചു വേദികളിലായി നവകേരളത്തിന്റെ ഭാവി രൂപരേഖയ്ക്കുള്ള 25 സെമിനാറുകള്‍

Capture

തിരുവനന്തപുരം: കേരളീയത്തിന്റെ അഞ്ചു വേദികളിലായി നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകള്‍. കേരളത്തിന്റെ കാര്‍ഷിക വ്യാവസായിക രംഗങ്ങളിലെ പുരോഗതിയും ഭാവി ലക്ഷ്യങ്ങളും ഈ സെമിനാറുകളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

കേരളത്തിലെ കൃഷി സംബന്ധമായ സെമിനാറില്‍ വിയറ്റ്‌നാമില്‍ നിന്നുള്ള കാവോ ഡുക് പാറ്റ് (ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍), ക്രിസ് ജാക്‌സണ്‍ (ലോകബാങ്കിലെ മുതിര്‍ന്ന കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കേരളത്തിലെ ലിംഗനീതി, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും, കേരളത്തിലെ ഭൂപരിഷ്‌കരണം, മത്സ്യമേഖല, തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും, വിദ്യാഭ്യാസരംഗം തുടങ്ങിയ വിഷയങ്ങളും സെമിനാറുകളിലുണ്ട്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് സിംഗപ്പുരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ വിസിറ്റിങ് പ്രഫസറായ ഡോ. റോബിന്‍ ജെഫ്രി, യു.എസിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി, ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് വിഭാഗം പ്രൊഫസറായ പാട്രിക് ഹെല്ലര്‍ എന്നിവര്‍ സംസാരിക്കും.

ആരോഗ്യ രംഗത്തെ പുരോഗതികളും കേരളം മഹാമാരിയെ നേരിട്ടതെങ്ങനെ എന്നതും ചര്‍ച്ചചെയ്യും. ഈ സെമിനാറുകളില്‍ ബോസ്റ്റണിലെ ഹാവാര്‍ഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ രാജ്യാന്തര ആരോഗ്യവിഭാഗത്തിലെ റിച്ചാര്‍ഡ് എ. കാഷ്, എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേണ്‍ഷന്‍ ചെന്നൈ ചെയര്‍പേഴ്‌സണ്‍ ഡോ സൗമ്യ സ്വാമിനാഥന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഐ ടി മേഖലയെ പറ്റിയുള്ള സെമിനാറില്‍ തമിഴ്‌നാട് ഐ ടി മിനിസ്റ്റര്‍ ഡോ പളനിവേല്‍ തങ്കരാജനും പങ്കെടുക്കും.

പ്രവാസി സമൂഹത്തെക്കുറിച്ച് ലോകബാങ്കിലെ മുതിര്‍ന്ന സാമ്പത്തികവിദഗ്ധന്‍ ദിലീപ് റാത്ത, ഖത്തറിലെ ഖലീഫ സര്‍വകലാശാലയിലെ മൈഗ്രേഷന്‍ എത്തിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. രാജൈ ആര്‍. ജുറൈദിനി എന്നിവര്‍ സംസാരിക്കും. ഓണ്‍ലൈന്‍ ഓഫ്ലൈന്‍ രീതികള്‍ സംയോജിപ്പിച്ചു നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയ-അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഇവര്‍ക്കാവശ്യമായ അനുമതികള്‍ ലഭിച്ചു.

വേദികള്‍ ഭിന്നശേഷി സൗഹൃദമായി നിര്‍മ്മിക്കുന്നതിനൊപ്പം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകും സെമിനാറുകള്‍ നടത്തുക. എല്ലാ സെമിനാറുകളും ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനൊപ്പം ആംഗ്യ ഭാഷയില്‍ തര്‍ജ്ജമയും ചെയ്യും. കേരളീയം വെബ്‌സൈറ്റില്‍ സെമിനാറുകള്‍ സംബന്ധിച്ച തിയതി, സമയം, വേദി ,വിഷയം, പ്രഭാഷകരുടെ വിവരങ്ങള്‍, ഓരോ സെമിനാറിന്റെയും കോണ്‍സെപ്റ്റ് നോട്ടുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Share this Article

Leave a Comment