തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. വിഴിഞ്ഞം പദ്ധതിയെ കടല്‍ കൊള്ള എന്ന് വിശേഷിപ്പിച്ച ആളാണ് പിണറായി വിജയന്. പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാന്യത ഇല്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പിണറായി വിജയന് സര്‍ക്കാറാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. അതിനാലാണ് തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
ആദ്യ മദര്‍ഷിപ്പായ ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ തീരം തൊട്ടതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറിയിരിക്കുകയാണ്. രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞത്തെത്തുന്ന മദര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി അറിയപ്പെടുന്നത്.