തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയെ കാണാതായ സംഭവത്തില്‍ രക്ഷാദൗത്യത്തിനായി റോബോട്ടിക് സംവിധാനം. മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. റോബോട്ടിക്ക് സംവിധാനവുമായി ടെക്നോപാര്‍ക്കില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് ജന്‍ റോബോട്ടുകള്‍ ഉപയോഗിച്ച് ടണലിനുള്ളിലെ മാലിന്യം നീക്കാന്‍ തുടങ്ങി. കരയില്‍ റോബോട്ടിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവുമുണ്ട്.
മാരായമുട്ടം സ്വദേശി ജോയിയെയാണ് ഇന്ന് രാവിലെ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇദ്ദേഹം. മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയിട്ടും സ്‌കൂബ ടീമിന് ജോയിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് റയില്‍വേ സ്റ്റേഷന് അകത്തുളള സ്ലാബ് ഇളക്കി പരിശോധിച്ചു. കനാലില്‍ 50 മീറ്ററോളം സ്‌കൂബ ടീമിന് പരിശോധന നടത്താന്‍ കഴിഞ്ഞുള്ളു. തുടര്‍ന്നാണ് റോബോട്ടുകള്‍ ഉപയോഗിച്ച് ടണലിന്റെ മാലിന്യം നീക്കാന്‍ തുടങ്ങിയത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോടു കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു.