തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ ജോയിക്കായുളള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും അടക്കം സംയുക്തമായി 33 മണിക്കൂര്‍ നീണ്ട തിരച്ചിലാണ് നടത്തിയത്. നാളെ പുതിയ സംഘം തിരച്ചില്‍ നടത്തും. മാലിന്യം നീങ്ങാത്തതാണ് ദൗത്യത്തിന് തിരിച്ചടിയാവുന്നത്. അതിനിടെ കൊച്ചിയില്‍ നിന്നുള്ള നേവി സംഘം തിരച്ചിലിനായി വൈകാതെ എത്തും. 9 മണിയോടെ സംഘം എത്തിച്ചേരുമെന്നാണ് വിവരം. രാത്രിയും ദൗത്യം തുടര്‍ന്നേക്കും. നേവി എത്തിയതിനു ശേഷമാകും ഇതില്‍ തീരുമാനമുണ്ടാവുക.
കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ് സംഘം ഇന്നും പരിശോധന നടത്തിയത്. ഇന്ന് തിരച്ചില്‍ നടത്തിയ സംഘത്തിലെ അംഗങ്ങള്‍ക്ക് വൈദ്യ പരിശോധന നല്‍കും. ടീമംഗങ്ങള്‍ക്ക് ചികിത്സ നല്‍കാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഫയര്‍ ഫോഴ്‌സ് മേധാവി അറിയിച്ചു.