തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. പലയിടത്തും കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. ഇനി അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മഴക്കെടുതിയില്‍ മലയോര ഭാഗങ്ങളിലടക്കം വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. തുടര്‍ന്ന് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിലെ 21 ഷട്ടറുകള്‍ ഉയര്‍ത്തി. ഇന്ന് രാവിലെ പെയ്തു തുടങ്ങിയ മഴയില്‍ ശക്തമായ ഒഴുക്കാണ് ഭാരതപ്പുഴയില്‍ അനുഭവപ്പെടുന്നത്. ജലനിരപ്പ് കൂടിയതോടെ രണ്ടു സെന്റിമീറ്റര്‍ വീതം 21 ഷട്ടറുകളാണ് ഉയര്‍ത്തിയത്. രാവിലെ 10 മണിക്ക് ശേഷമാണ് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ജലനിരപ്പ് ഇനിയും ഉയരാന്‍ സാഹചര്യമുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.