Newsperseconds.com

ഇന്ന് കര്‍ക്കടകം ഒന്ന്; രാമായണ ശീലുകളും രാമനാമവും മുഴങ്ങുന്ന ഭക്തിസാന്ദ്രമായ പുണ്യകാലം

Kar

കൊച്ചി: ഇന്ന് കര്‍ക്കടകം ഒന്ന്, ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ ശീലുകളും രാമനാമവും മുഴങ്ങുന്ന ഭക്തിസാന്ദ്രമായ പുണ്യകാലം. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. നാലമ്പല തീര്‍ത്ഥാടനത്തിനും ഇന്ന് തുടക്കമാകും. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിച്ചു. മഹാമാരിയുടേയും തിരിമുറിയാതെ പെയ്യുന്ന മഴയിലെ വിളനാശത്തിന്റെയും കാലം. അതിനെ മറികടക്കാന്‍ വിശ്വാസികള്‍ ഭക്തിയില്‍ അഭയം തേടും. കര്‍ക്കിടാരംഭത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വീടും പരിസരവും വൃത്തിയാക്കും. വീടിന്റെ ഉമ്മറത്ത് വാല്‍കിണ്ടിയും നിലവിളക്കും ദശപുഷ്പങ്ങളും ഒരുക്കി ശീബോധി വയ്ക്കും. ദുരിതമകറ്റാനും മനസ്സില്‍ നന്മകള്‍ നിറയാനും ഇതിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.

കൊല്ലവര്‍ഷത്തിലെ 12-മത്തെ മാസമാണ് കര്‍ക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം. കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാല്‍ ‘കള്ളക്കര്‍ക്കടകം’ എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാല്‍ ‘മഴക്കാല രോഗങ്ങള്‍’ ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ ‘പഞ്ഞമാസം’ എന്നും വിളിക്കപ്പെടുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കോട്ടയം രാമപുരം ക്ഷേത്രം, മലപ്പുറം രാമപുരം ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ചു നടക്കുന്ന പ്രസിദ്ധമായ ‘നാലമ്പലദര്‍ശനം’ എന്ന തീര്‍ത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്. പണ്ട് കാലത്ത് സ്ത്രീകള്‍ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്. മലയാളികള്‍ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വര്‍ദ്ധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുര്‍വേദ/ നാട്ടുവൈദ്യ വിധിപ്രകാരം ‘സുഖചികിത്സ’ നടത്തുന്നതും കര്‍ക്കടകത്തിലാണ്.

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകുന്നേരം തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി എം.എന്‍ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്. നിരവധി ഭക്തരാണ് ഇന്നലെ ദര്‍ശനത്തിനെത്തിയത്. കര്‍ക്കടക മാസത്തില്‍ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായാണ് വിശ്വാസികള്‍ കരുതുന്നത്. ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഇത്തവണ കര്‍ക്കടകം ജൂലൈ 16 ചൊവ്വാഴ്ച തുടങ്ങി ഓഗസ്റ്റ് 16 വെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യും. ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ പൂര്‍ണമായും പ്രാര്‍ത്ഥനകള്‍ക്കും രാമായണ പാരായണത്തിനും നാലമ്പല ദര്‍ശനങ്ങള്‍ക്കുമായാണ് വിശ്വാസികള്‍ ഈ മാസത്തെ മാറ്റി വച്ചിരിക്കുന്നത്. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം.

കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാര്‍ക്കിടയിലുണ്ട്. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കര്‍ക്കടകത്തില്‍ തുടക്കമാകും. കര്‍ക്കടക മാസത്തില്‍ ആരോഗ്യ പരിപാലനത്തിനായി കര്‍ക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കര്‍ക്കടകക്കഞ്ഞി തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നു. പല ആയുര്‍വ്വേദ കേന്ദ്രങ്ങളും കര്‍ക്കടകത്തില്‍ ‘എണ്ണത്തോണി’ മുതലായ പ്രത്യേക സുഖചികില്‍സയും ഇന്ന് ഒരുക്കുന്നുണ്ട്.

Share this Article

Leave a Comment