ബെംഗളൂരു: കര്‍ണാടക അങ്കോളയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര് മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. കാണാതായവരില്‍ മലയാളിയുമെന്ന് സൂചന. കോഴിക്കോട് സ്വദേശി അര്ജുന് എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും എന്നാല്‍ കോള്‍ എടുക്കുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അര്‍ജുന്റെ ബന്ധുക്കള്‍ പറഞ്ഞു.
ദേശീയപാത 66ല്‍ അങ്കോള താലൂക്കിലെ ഷിരൂര്‍ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് മണ്ണിടിഞ്ഞത്. അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കര്‍ണാടകയിലെ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. ഈ പരാതിയുടെ കൂടി അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. തൊട്ടടുത്തുള്ള പുഴയില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിവരികയാണ്. എന്‍ടിആര്‍എഫ് സംഘവും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ തെരച്ചില്‍ നടത്തിവരികയാണ്. അര്‍ജുന്റെ ചില ബന്ധുക്കള്‍ കര്‍ണാടകയിലുണ്ട്. ഇവരാണ് രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചത്.