ബെംഗളുരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം മഴ കുറഞ്ഞതോടെ വീണ്ടും ആരംഭിച്ചു. ലോറി ഗംഗാവലിപ്പുഴയില്‍ലേക്ക് വീണിരിക്കാമെന്നായിരുന്നു ഇതുവരേയുള്ള അനുമാനം. അതേ സമയം, സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. അന്വേഷണം ത്വരിതപ്പെടുത്തണമെന്നും ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ പോലെയുള്ള സംവിധാനം ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ അര്‍ജ്ജുനെ കണ്ടെത്താന്‍ വ്യക്തിപരമായി ഇടപെടണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അങ്കോളയിലുണ്ടായ അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ത്ഥ ഇടപെടലുകള്‍ക്ക് അഭിനന്ദനം അറിയിച്ചു.
റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയില്‍ ലോറി ഉണ്ടാകുമെന്നാണ് അര്‍ജുന്റെ കുടുംബം പറയുന്നത്. ലോറിയുടെ ജിപിഎസ് ലോക്കേഷന്‍ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗം എന്‍ഡിആര്‍എഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുന്നത്. എഡിജിപി ആര്‍ സുരേന്ദ്രയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.