Newsperseconds.com

അര്‍ജുന്‍ എവിടെ?മണ്ണിനടിയില്‍ ലോറിയുണ്ടോ എന്നറിയാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന; തിരച്ചില്‍ രാത്രി 9 മണി വരെ തുടരും; വെല്ലുവിളിയായി കനത്ത മഴ

Untitled 1

ബംഗളൂരു: അങ്കോളയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുന്നു. രാത്രി 9 മണി വരെ തിരച്ചില്‍ നടത്തും. എന്നാല്‍ കനത്ത മഴ കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂര്‍ ദേശീയപാതയില്‍ അപകടമുണ്ടായത്. അര്‍ജുന്‍ ദിവസവും പോകുന്ന വഴിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അര്‍ജുന്റെ ലോറി മണ്ണിനടിയില്‍ കുടുങ്ങിയെന്ന സംശയത്തിലാണ് കുടുംബവും ദൗത്യസംഘവും. മണ്ണിനടിയില്‍ ലോറിയുണ്ടോ എന്നറിയാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വലിയ ലൈറ്റുകള്‍ കൊണ്ടുവരാന്‍ തീരുമാനമായിട്ടുണ്ട്. ലൈറ്റുകളുടെ സഹായത്തോടെ മഴയുടെ സ്ഥിതി നോക്കിയാകും മണ്ണ് നീക്കല്‍ നടത്തുക.

നേവിയും എന്‍ഡിആര്‍എഫും സംയുക്തമായാണ് പരിശോധന തുടരുന്നത്. റഡാര്‍ ഉപയോഗിച്ചു പരിശോധന നടത്തണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. അര്‍ജുനക്കം അഞ്ച് വാഹനങ്ങളിലായി 10 പേര്‍ മണ്ണിനടിയില്‍ തന്നെ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നിഗമനം. മണ്ണിടിച്ചിലിനെ തുടര്‍ന്നു ലോറി സമീപത്തെ ഗംഗാവലി പുഴയിലേക്ക് പോയിട്ടുണ്ടോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നേവിയുടെ പരിശോധനയില്‍ ലോറി പുഴയില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. കനത്ത മഴ രക്ഷാപ്രവര്‍ത്തനം ഇടയ്ക്കിടെ തടസ്സപ്പെടുത്തുന്നുണ്ട്. കാസര്‍കോട് നിന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ നാല് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടാതെ ലോറി ഉടമ മുക്കം സ്വദേശി മനാഫും അര്‍ജുന്റെ ബന്ധുവും അപകട സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

Share this Article

Leave a Comment