Newsperseconds.com

അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി; റഡാര്‍ ഉടനെയെത്തും; പ്രാര്‍ത്ഥനയോടെ കേരളം

Untitled 1

ബെംഗളുരു: അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം രാവിലെ വീണ്ടും ആരംഭിച്ചു. ഇന്നലെ രാത്രി 9 മണി വരെ തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് കൂടുതല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏതുവിധേനയും തിരച്ചില്‍ പൂര്‍ത്തിയാക്കുമെന്നാണ് പറയുന്നത്. മണ്ണ് കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള വാഹനത്തിനുള്ളില്‍ അര്‍ജുന്‍ അതിജീവിച്ച് ഇരിക്കുന്നുണ്ടാകുമെന്നാണ് വീട്ടുകാരും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. സാധ്യമാകുന്ന എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടത്തും. വേണ്ടിവന്നാല്‍ സൈന്യത്തിന്റെ സഹായം തേടും. വലിയ ലൈറ്റുകള്‍ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയായിരുന്നു ഇന്നലെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്ന കേരളത്തില്‍ നിന്നുള്ള ആളുകളും പോലീസും കാസര്‍കോഡ് നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരിക. വൈകാതെ റഡാര്‍ ഉപകരണം സ്ഥലത്ത് എത്തിക്കാനാണ് ശ്രമം. ലോറിയുള്ള സ്ഥലം ഈ റഡാര്‍ വഴി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. കോഴിക്കോട്ടെ വീട്ടില്‍ അര്‍ജുന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം.

ഇക്കഴിഞ്ഞ 16ന് രാവിലെ ആണ് അര്‍ജുന്‍ തടിയുമായി ലോറിയില്‍ പുറപ്പെട്ടത്. ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

Share this Article

Leave a Comment