Newsperseconds.com

നിപ പ്രതിരോധ പ്രവര്‍ത്തനം മലപ്പുറത്ത് ഊര്‍ജിതം; കേന്ദ്രസംഘം ഇന്നെത്തും; 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ തുടരുന്നു

Capture

മലപ്പുറം: നിപ പ്രതിരോധ പ്രവര്‍ത്തനം മലപ്പുറത്ത് ഊര്‍ജിതം. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്രസംഘം ഇന്നെത്തും. നിപ ബാധിച്ച് മരിച്ച് 14 കാരന്റെ ബന്ധുക്കള്‍ക്ക് രോഗലക്ഷണമില്ല. കൂടാതെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമാണെങ്കിലും നിലവില്‍ 330 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ തന്നെ 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. ആറ് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്. സ്രവ പരിശോധന ത്വരിതപ്പെടുത്താന്‍ ഒരു മൊബൈല്‍ ബയോസേഫ്റ്റി ലെവല്‍-3 ലബോറട്ടറിയും കോഴിക്കോട് എത്തിച്ചേര്‍ന്നിട്ടുണ്ട്.

പാണ്ടിക്കാട്, ആനക്കയത്തും നിയന്ത്രണങ്ങള്‍ തുടരുകയാണ്. പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, എന്‍95 മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, ഹാന്‍ഡ് വാഷ്, സാനിറ്റൈസന്‍ എന്നിവ ഉപയോഗിക്കണം. പ്രദേശത്ത് വീടുകള്‍ കയറിയുള്ള സര്‍വെ അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ ഇന്ന് സാമൂഹ്യ അകലം പാലിച്ച് പ്ലസ് വണ്‍ അലോട്ട്മെന്റ് നടക്കും.

Share this Article

Leave a Comment