ഷിരൂര്‍: അര്‍ജുനായുള്ള തെരച്ചിലില്‍ പ്രതീക്ഷയുണര്‍ത്തുന്ന നിര്‍ണ്ണായക വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അത്യാധുനിക മെറ്റല്‍ ഡിറ്റക്ടറുമായി നടത്തിയ പരിശോധനയില്‍ ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്നാണ് സൂചന ലഭിക്കുന്നത്. അല്‍പസമയത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്‌നല്‍ ആണിപ്പോള്‍ ലഭിച്ചിരിക്കുന്നത്.
രണ്ട് റഡാറുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് പരിശോധന നടത്തുന്നത്. തെരച്ചില്‍ നിര്‍ണായക സിഗ്‌നല്‍ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. വിശ്വസനീയമായ സിഗ്‌നലാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റിനകം തന്നെ സ്ഥിരീകരണം ഉണ്ടാകും. സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് പരിശോധന നടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണ്. ആശങ്കയായി മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്.
അതേ സമയം, അര്‍ജുനെ കണ്ടെത്താന്‍ ഏതറ്റം വരെയും പോകുമെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു. അര്‍ജുനെ ഇന്ന് തന്നെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും ദൗത്യം അതിവേഗത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.