തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15 പേരാണ് ആശുപത്രികളില്‍ ചികിത്സയുള്ളത്. 2023-ല്‍ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പനി ഉള്ളവരുടെ റിസള്‍ട്ട് അടക്കം നെഗറ്റീവ് ആണ്.
നിപ ബാധിച്ച കുട്ടിയുടെ കുടുംബംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. 406 പേര് സമ്പര്‍ക്ക പട്ടികയിലുണ്ട്. ഹൈറിസ്ക് കാറ്റഗറിയില്‍ 194 പേര് ഉള്‍പ്പെടുന്നുണ്ട്. 139 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 7239 വീടുകളില്‍ സര്‍വ്വേ പൂര്‍ത്തിയായി. സര്‍വ്വേയില്‍ 439 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തി. അതില്‍ നാല് പേര് കുട്ടിയുമായി സമ്പര്‍ക്കം ഉള്ളവരാണ്. അവരുടെ സാമ്പിളുകള്‍ പരിശോധിക്കും. മൊബൈല്‍ ലാബിലെ പരിശോധന നാളെ മുതല്‍ ആരംഭിക്കും. കേരളത്തില്‍ എല്ലാ രോഗബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും മറ്റ് പലയിടങ്ങളിലും അങ്ങനെയല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.