Newsperseconds.com

ജനപ്രിയ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍; മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യബജറ്റില്‍ ആന്ധ്രപ്രദേശിനും ബിഹാറിനും വന്‍ പ്രഖ്യാപനങ്ങള്‍; കാര്‍ഷിക മേഖലയ്ക്ക് വിപുലമായ പദ്ധതികള്‍

Add

2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. ധനമന്ത്രി ശക്തമായ ജനപ്രിയ ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃഷി, തൊഴില്‍, നൈപുണ്യത്തില്‍ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും, മനുഷ്യവിഭവശേഷി വികസനവും സാമൂഹിക നീതിയും, ഉല്‍പ്പാദനവും സേവനങ്ങളും, നഗരവികസനം, അടിയന്തര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, നവീകരണ ഗവേഷണ-വികസനം, അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് കാര്യമായ ഊന്നല്‍ നല്‍കി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത് ഇത്തവണ കൂടുതല്‍ ശ്രദ്ധനേടി. കാര്‍ഷിക ഉത്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് വന്‍ പദ്ധതികളാണ് അവതരിപ്പിച്ചത്. കാലത്തിനൊത്ത വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് ബജറ്റ്. ആന്ധ്രപ്രദേശിനും ബിഹാറിനും കൈനിറയെ പ്രഖ്യാപനങ്ങളാണ്. കാര്‍ഷിക മേഖലയില്‍ ഉത്പാദനം കൂട്ടുന്നതോടൊപ്പം ഗവേഷണ പദ്ധതികള്‍ നടപ്പാക്കും. പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. പച്ചക്കറി ഉത്പാദനവും സംഭരണവും ഉറപ്പുവരുത്തും. കാര്‍ഷികമേഖലയില്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും. ഇതിനായി സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. നബാര്‍ഡുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കും. കാര്‍ഷിക അനുബന്ധ മേഖലക്കായി 1.52 ലക്ഷം കോടി രൂപ വിനിയോഗിക്കും.

പഴയ ഭരണകാലത്തെ സ്ലാബുകള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ പുതിയ നികുതി വ്യവസ്ഥയിലെ ഘടന നിര്‍മല സീതാരാമന്‍ പരിഷ്‌കരിച്ചു. 2024-25 ലെ ബജറ്റ് മോദി 3.0 ഗവണ്‍മെന്റിന്റെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വികസനത്തിലേക്കുള്ള ഒരു റോഡ്മാപ്പ് രൂപപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിയായി പരിഗണിക്കുന്നു. മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയ്ക്കാന്‍ നടപടി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി ഉയര്‍ത്തും. പുതിയ നികുതി സ്‌കീം അനുസരിച്ച് വ്യക്തിഗത ആദായനികുതി നിരക്ക് ഘടന പരിഷ്‌കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷം രൂപ വരെ ഇനി നികുതി ഇല്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം രൂപ വരെ അഞ്ചുശതമാനമായിരിക്കും നികുതി. ഏഴു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ പത്തുശതമാനവും പത്തുലക്ഷം മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ 15 ശതമാനവും 12 ലക്ഷം രൂപ മുതല്‍ പതിനഞ്ച് ലക്ഷം രൂപ 20 ശതമാനവും 15 ലക്ഷം രൂപയ്ക്ക് മുകളില്‍ 30 ശതമാനവുമായിരിക്കും നികുതിയെന്നും ധനമന്ത്രി അറിയിച്ചു.

കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6.4 ശതമാനവും കുറച്ചു. തൊഴില്‍ശേഷിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ജോലി ചെയ്യുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. ബീഹാറിലെ നളന്ദയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും. മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ ബജറ്റ് നിര്‍ദേശം. എക്സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. മുദ്രാ ലോണുകളുടെ പരിധി 20 ലക്ഷമായി വര്‍ദ്ധിപ്പിക്കും. എംഎസ്എംഇകളുടെ വായ്പാ സഹായത്തിനായി മുദ്രാ ലോണുകളുടെ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി വര്‍ദ്ധിപ്പിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. തരുണ്‍ വിഭാഗത്തിന് കീഴില്‍ മുമ്പ് എടുത്ത വായ്പകള്‍ വിജയകരമായി തിരിച്ചടച്ചവര്‍ക്ക് എംഎസ്എംഇകള്‍ക്കുള്ള വായ്പാ പിന്തുണ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യബജറ്റില്‍ ആന്ധ്രപ്രദേശിനും ബിഹാറിനും വന്‍ പ്രഖ്യാപനങ്ങലാണ്. റോഡ് വികസനത്തിന്റെ ഭാഗമായി ബിഹാറില്‍ പട്ന-പൂര്‍ണ്ണിയ, ബുക്സര്‍-ഭഗല്‍പൂര്‍, ബോധ്ഗയ-രാജ്ഗിര്‍-വൈശാലി-ഡാര്‍ബംഗ എക്സ്പ്രസ് വേകള്‍, ബുക്സര്‍ ജില്ലയില്‍ ഗംഗയ്ക്ക് കുറുകെ രണ്ട് വരി പാലം, 2,400 എംഡബ്ല്യൂ പവര്‍ പ്ലാന്റ് ഉള്‍പ്പെടുന്ന വമ്പന്‍ പ്രഖ്യാപനങ്ങളാണ് ബിഹാറിനായി പ്രഖ്യാപിച്ചത്. ടൂറിസം വികസനത്തിന്റെ ഭാഗമായി ഗയയിലും രാജ്ഗിറിലും രണ്ട് ക്ഷേത്ര ഇടനാഴികളും പ്രഖ്യാപനത്തിലുണ്ട്. വെള്ളപൊക്കത്തില്‍ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രളയത്തെ അതീജിവിക്കാനുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ 11,500 കോടി രൂപ പ്രഖ്യാപിച്ചു. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൂര്‍വ്വോദയ പദ്ധതിയിലും ബിഹാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട മറ്റുസംസ്ഥാനങ്ങള്‍. ബിഹാറിന് കൂടുതല്‍ മെഡിക്കല്‍ കോളേജുകളും വിമാനത്താവളവും ധനമന്ത്രി പ്രഖ്യാപിച്ചു.

ഒരു കോടി പാവപ്പെട്ട-ഇടത്തരം കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതിക്ക് കീഴില്‍ 10 ലക്ഷം കോടി രൂപ മുതല്‍മുടക്കുമെന്ന് ധനകാര്യ മന്ത്രി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതില്‍ ഉള്‍പ്പെടുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. അഞ്ച് വര്‍ഷത്തേക്ക് 100 പ്രതിവാര തെരുവ് ഭക്ഷണ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതി. ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കാമെന്ന സൂചനയുമായി നിര്‍മ്മല സീതാരാമന്‍. ‘ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കാം, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. നഗരവികസന പദ്ധതികള്‍ക്ക് ഈ പരിഷ്‌കാരം അനിവാര്യമാണെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഭൂപരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഭൂമിയും മറ്റ് ഉല്‍പാദന ഘടകങ്ങളും മെച്ചപ്പെടുത്തുന്നതിതായി കണക്കാക്കിയ ചില നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Article

Leave a Comment