കര്‍ണ്ണാടക; ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ണ്ണായക ഘട്ടത്തില്‍. സ്കൂബ ഡൈവേഴ്സ് നദിയില്‍ മുങ്ങിത്തപ്പുകയാണ്. രണ്ട് നാവികരാണ് നദിയില്‍ ഇറങ്ങിയത്. ഐ ബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേ സമയം, പുഴക്ക് എട്ട് മീറ്റര്‍ അകലെ നിന്ന് അര്‍ജുന്റെ ലോറിയിലേതെന്ന് കരുതുന്ന മരക്കഷ്ണങ്ങല്‍ കണ്ടെത്തി. തടിക്കഷണങ്ങളിലെ മാര്‍ക്കിങ് വെച്ചാണ് ഇത് സ്ഥിരീകരിക്കുന്നത്.
ക്യാമറയില്‍ വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ കാണാനാകുന്നില്ലെന്നും ബോട്ടിന്റെ എഞ്ചിന് ഓഫ് ചെയ്താല്‍ ഉടന്‍ ഒഴുകിപ്പോകുന്ന സാഹചര്യമെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള പറഞ്ഞു. ഡിങ്കി ബോട്ടില്‍ ഡൈവര്‍മാരും സൂപ്പര്‍വൈസറും. ഡൈവിങ് ടീമില്‍ ബോട്ടില്‍ അഞ്ച് പേര്. ആവശ്യത്തിന് മുങ്ങല്‍ വിദഗ്ദര്‍ ഷിരൂരിലുണ്ട്. ആവശ്യമെങ്കില്‍ കാര്‍വാറില്‍ നിന്ന് കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ എത്തിക്കുമെന്നും കാര്‍വാറിലുള്ള മുങ്ങല്‍ വിദഗ്ധരോട് തയാറായി ഇരിക്കാന്‍ അറിയിച്ചുവെന്നും അതുല്‍ പിള്ള പറഞ്ഞു.