നഗരജീവിതത്തില്‍ സേവനസഹായവുമായി കുടുംബശ്രീയുടെ ക്വിക്ക് സെര്‍വ് പദ്ധതി എത്തുന്നു. വീട്ടുജോലി, വീട്-ഓഫീസുകളുടെ ശുചീകരണം, പാചകം, കിടപ്പു രോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും പരിചരണം തുടങ്ങി എല്ലാക്കാര്യത്തിനും സഹായവുമായി കുടുംബശ്രീയുടെ ക്വിക്ക് സെര്‍വ് പദ്ധതി. വനിതകള്‍ക്ക് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടും നഗരകേന്ദ്രീകൃതമായി വിവിധ സേവനങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ വീട്ടുജോലി, ഗൃഹശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ആധുനിക യന്ത്രസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള ഗൃഹ ശുചീകരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, കാര്‍ വാഷ് എന്നിവ ഉള്‍പ്പെടും. മൂന്ന് മുതല്‍ എട്ട് പേര്‍ വരെ അടങ്ങുന്ന അര്‍ബന്‍ സര്‍വീസ് ടീമായിരിക്കും ക്വിക്ക് സെര്‍വിന്റ നടത്തിപ്പ് ചുമതല. ഗ്രൂപ്പ് സംരംഭമായി രജിസ്റ്റര്‍ ചെയ്യേണ്ടതിനാല്‍ കുടുംബശ്രീയ നഗര സിഡിഎസില്‍ അംഗങ്ങളായവര്‍ക്കോ ഓക്സ്ലിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കോ ടീം രൂപീകരിക്കാം.
ക്വിക്ക് സെര്‍വില്‍ സേവനങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ളവരെ കണ്ടെത്തി അര്‍ബന്‍ സര്‍വീസ് ടീം രജിസ്റ്റര്‍ ചെയ്യിപ്പിച്ച ശേഷം അഞ്ച് ദിവസം നീണ്ട പരിശീലനം നല്‍കുന്നു. നഗരസഭ സിഡിഎസ് പ്രതിനിധികളും നഗരസഭ സെക്രട്ടറി, ജില്ലാ മിഷന്‍ കോഓഡിനേറ്ററുടെ പ്രതിനിധി എന്നിവരുമടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റി ക്വിക്ക് സെര്‍വിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പരിശീലനം ലഭിച്ച ക്വിക്ക് സെര്‍വ് സേവകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും നല്‍കും. ഒരു നഗരസഭ പരിധിയില്‍ ഒരു അര്‍ബന്‍ സര്‍വീസ് ടീമായിരിക്കും ഉണ്ടാകുക. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ അതത് നഗരസഭകളിലെ അര്‍ബന്‍ സര്‍വീസ് ടീമിനെ ബന്ധപ്പെട്ട് നിശ്ചിത ഫീസ് അടയ്ക്കേണ്ടതുണ്ട്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഘട്ടങ്ങളില്‍ മൊബൈല്‍ ആപ്പ്, വെബ്സൈറ്റ് എന്നിവ പുറത്തിറക്കും