വയനാട്ടില്‍ മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തില്‍ 60 പേര്‍ മരിച്ചതായാണ് ഇതുവരേയുള്ള റിപ്പോര്‍ട്ടുകള്‍. വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈയിലുണ്ടായത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല മേഖല ഒറ്റപ്പെട്ടു. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലയിടത്തും എത്തിപ്പെടാന്‍ പ്രയാസമാണെന്നും എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോവുകയാണെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ല. ആളുകള്‍ക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചിട്ടുണ്ട്. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എയര്‍ ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഫലപ്രദമായി കാര്യങ്ങള്‍ നീക്കാന്‍ പറ്റുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ കൃത്യമായി പറയാന്‍ പറ്റാത്ത അവസ്ഥയുണ്ട്. കുറച്ചുകൂടി കഴിഞ്ഞാല്‍ ആണ് കാര്യങ്ങളെല്ലാം വ്യക്തമാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.