Newsperseconds.com

‘ഭയാനക രാത്രി, ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്, മക്കളേയും കൊണ്ട് ഓടി’; കൂരിരുട്ടില്‍ അഭയം പ്രാപിച്ചത് കുന്നിന്‍ ചെരുവില്‍; കുടുംബവും വീടുമടക്കം സര്‍വ്വതും നഷ്ടപ്പെട്ടു; ദുരന്തരാത്രി ഓര്‍ത്തെടുത്ത് രക്ഷപ്പട്ടവര്‍

Latest

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ പേടിച്ചു വിറങ്ങലിച്ചിരിക്കുകയാണ്. ഭയാനക രാത്രിയായിരുന്നു ഇന്നലെ എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. ഉറ്റവരും ഉടയവരും സര്‍വ്വതും നഷ്ടപ്പെട്ട രാത്രിയെ കുറിച്ച് പൊട്ടിക്കരയാതെ ആര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.

രാത്രിയില്‍ ശക്തിയായി വെള്ളമൊഴുക്ക് കണ്ടപ്പോള്‍ വീട് വിട്ടിറങ്ങുകയായിരുന്നെന്ന് വയോധികരായ ദമ്പതികള്‍ പറയുന്നു. സമീപത്തുള്ള ഒരു കുന്നിന്റെ മുകളിലാണ് അഭയം തേടിയത്. അടുത്തുള്ള വീട്ടുകാരെ വിളിച്ചെങ്കിലും രാത്രി ഒരു മണിവരെ നോക്കിയിട്ട് ഇറങ്ങാമെന്നായിരുന്നു മറുപടി. കനത്ത മഴയില്‍ ഞങ്ങള്‍ മാറി നിന്നു. പുലര്‍ച്ചെ വരെ കുന്നിന്‍ മുകളില്‍ കാത്തുനിന്ന ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ പ്രദേശമാകെ ഇല്ലാതായതാണ് കണ്ടത്. എല്ലാവരും ഒലിച്ചു പോയിരുന്നു.

ചൂരല്‍ മല സ്വദേശിയായ മറ്റൊരാള്‍ പറയുന്നത് ഇങ്ങനെയാണ്, വാതിലും മതിലും എല്ലാം കൂടി ഇടിഞ്ഞ് പൊളിഞ്ഞ് തലയിലാണ് വീണത്. വീട്ടിലാകെ വെള്ളം നിറഞ്ഞത് പെട്ടെന്നാണ്. ആരെ രക്ഷിക്കണം ,എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഭാര്യയെയും പെങ്ങളെയും മകളെയും കാണാനില്ല. മണിക്കൂറുകളോളം വീടിനുള്ളിലെ ഒരു മൂലക്ക് ഇരുന്നു. ചെളിയില്‍ കിടന്ന് തണുത്ത് വിറച്ചാണ് നേരം വെളുപ്പിച്ചത്. രക്ഷപ്പെടുമെന്ന് കരുതിയില്ല. മരണം മുന്നില്‍ കണ്ട നിമിഷങ്ങളായിരുന്നു. നേരം വെളുത്തപ്പോഴാണ് ആളുകള്‍ രക്ഷിക്കാനെത്തിയത്. അപ്പോഴേക്കും വീട്ടുകാരും മറ്റു സര്‍വ്വതും നശിച്ചിരുന്നു.

ഒരു ബന്ധു തന്നെ വിളിച്ചുണര്‍ത്തി തങ്ങളുടെ പിഞ്ചു കുഞ്ഞിനെയും വഹിച്ചുകൊണ്ട് വീട്ടില്‍ നിന്ന് ഓടുകയായിരുന്നെന്ന് രക്ഷപ്പെട്ട യുവതി പറയുന്നു. പിന്നീട് അവരെക്കുറിച്ച് ഒരു വിവരം ഇല്ലെന്ന് യുവതി പറയുന്നു. എങ്ങോട്ടെന്നില്ലാതെയാണ് ഓടിയത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി മാറുന്നില്ല.

ചൂരല്‍മല സ്വദേശിയായ മറ്റൊരാളുടെ അനുഭവം ഇങ്ങനെയാണ്. രാത്രി ഉറക്കത്തിലാണ് എന്തോ വലിയ ശബ്ദം കേട്ടത്. വീട്ടിനകത്തേക്ക് വെള്ളം അടിച്ചുകയറി. ഭാര്യ ചെളിയില്‍ കുടുങ്ങി. വലിച്ചിട്ട് കിട്ടിയില്ല. വാടകക്കാരനായ യുവാവ് എത്തിയാണ് ഭാര്യയെ രക്ഷിച്ചത്. പിന്നീട് തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് ഓടിക്കയറി. അവരും ഭയന്നിരിക്കുകയായിരുന്നു. രാത്രി ഞങ്ങളെല്ലാവരും നടന്ന് റോഡിലെത്തി. മറ്റൊരുവീട്ടില്‍ അഭയംതേടി. ദേഹത്തെ ചെളിയെല്ലാം കഴുകി കളയുന്നതിനിടെ രണ്ടാമതും ഉരുള്‍പൊട്ടിയെന്ന വിവരമറിഞ്ഞു. ഇതോടെ അവിടെനിന്നും ഇറങ്ങിയോടി. ജീവന്‍ തിരിച്ചുകിട്ടുമെന്ന് കരുതിയില്ലെന്നും അയാള്‍ പറഞ്ഞു.

ഒന്നിച്ച് കൂടെ കിടന്ന മക്കളേയും കുടുംബത്തേയും തിരഞ്ഞ് നടക്കുകയാണ് പലരും. എന്താ സംഭവിച്ചതെന്ന് പലര്‍ക്കും പറയാനാവുന്നില്ല. ശബ്ദം കേട്ട് മുറ്റത്തേക്ക് ഇറങ്ങിയവരെല്ലാം മണ്ണിലടിയിലായെന്നാണ് മറ്റൊരാള്‍ കരഞ്ഞ് പറയുന്നത്. സെക്കന്റുകള്‍ കൊണ്ടാണ് എല്ലാം സംഭവിച്ചത്. വീട്ടിലുള്ള ആരെയും കാണുന്നില്ലെന്നും ചൂരല്‍മല സ്വദേശി പറഞ്ഞു.

Share this Article

Leave a Comment