Newsperseconds.com

വയനാടിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കണം; ദുരന്തഭൂമി സന്ദര്‍ശിച്ച് സഹായങ്ങള്‍ ഉറപ്പുനല്‍കി ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള

Capture

മരണം പെയ്തിറങ്ങിയ വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. പാതി ജീവനോടെയും അംഗ വൈകല്യത്തോടെയും ആശുപത്രികളില്‍ കഴിയുന്നവരെ വിംസ് ആശുപത്രി, മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെത്തി അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു നില്‍ക്കുന്നവരാണ് എല്ലാവരും. കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, വിനോദ സഞ്ചാര കേന്ദ്രമായ വയനാട്ടിലേക്ക് എത്തിയ നിരവധി ആളുകള്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ട്. ഒറീസ്സയില്‍ നിന്നുള്ള ഒരു സംഘത്തിലെ വനിതാഡോക്ടറെ വിംസില്‍ വെച്ച് കണ്ടു. ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അവരുടെ സംഘത്തിലെ ചിലരെ കാണാതായിട്ടുമുണ്ട്. എന്റെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

മുണ്ടക്കൈ – ചൂരല്‍ മല പ്രദേശങ്ങള്‍ മരണഭൂമിയായി എന്ന വാര്‍ത്ത അറിഞ്ഞ ഉടന്‍ ഗോവയില്‍ നിന്നു വയനാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ ഔദ്യോഗിക കാര്യങ്ങള്‍ മാറ്റിവെച്ചായിരുന്നു എത്തിയത്. അതുകൊണ്ട് അത്യാവശ്യമായി കോഴിക്കോട് നിന്ന് ഡല്‍ഹിക്ക് തിരിക്കേണ്ടി വന്നു. ഈ ദുരന്ത സമയത്ത് എല്ലാ ഭേദഭാവങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി വൃണിത ഹൃദയര്‍ക്കായി മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Share this Article

Leave a Comment