ദുരന്തഭൂമിയില്‍ ഒറ്റപ്പെട്ടുപോയ വയനാടിനെ നെഞ്ചോട് ചേര്‍ത്ത് കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി ആളുകളാണ് സഹായ ഹസ്തം നീട്ടുന്നത്. ഭക്ഷണവും, വെള്ളവും തുടങ്ങി എല്ലാ വിധ സഹായങ്ങളുമായി നൂറുകണക്കിന് വാഹനങ്ങള്‍ ചുരം കയറുകയാണ്. എല്ലാം നഷ്ടപ്പെട്ടു പ്രതീക്ഷകളറ്റ വയനാട്ടിലെ ഒരു പറ്റം ജനങ്ങള്‍ക്ക് താങ്ങും തണലുമായി സുമനസ്സുകള്‍ കരുണ കാണിക്കുകയാണ്. അതിനിടയിലാണ്
ഉരുള്‍പൊട്ടലില്‍ അനാഥരായ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടാന്‍ തയാറായി ഇടുക്കി സ്വദേശിയെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്കി സംരക്ഷിക്കാനും തയ്യാറാണെന്ന് പറഞ്ഞ് ഇടുക്കി സ്വദേശിയായ സജിനും കുടുംബവും രംഗത്തുവന്നിരിക്കുകയാണ്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ ഭാവനയാണ് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടാന്‍ തയാറാണെന്ന് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം കാണിച്ച് ബന്ധപ്പെടേണ്ട നമ്പര്‍ സഹിതം ഇവര്‍ സമൂഹമാധ്യമത്തില്‍ പങ്കു വച്ചിട്ടുണ്ട്. ഇവരുടെ ഇളയ കുഞ്ഞിന് നാലു മാസമാണ് പ്രായമാണുള്ളത്.
‘എനിക്കും കുഞ്ഞ് മക്കളാണ് ഉള്ളത്. വയനാട്ടിലെ ക്യാമ്പില്‍ കുഞ്ഞ് മക്കളുണ്ടെങ്കില്‍ അവരെ മുലപ്പാല്‍ നല്കി സംരക്ഷിക്കാന്‍ ഞാനും എന്റെ ഭാര്യയും തയ്യാറാണ്. നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം അതാണ്. വയനാട്ടില്‍ പോയി അവിടെ നിന്ന് കുഞ്ഞുങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും, മൊബ.9946569649’ എന്നാണ് സജിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കൂടാതെ വാട്സ്ആപ്പിലൂടെ പങ്കുവെക്കപ്പെട്ട, ‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന സന്ദേശവും നിരവധിപേര്‍ പങ്കുവെക്കുന്നുണ്ട്. നിരവധി പേരാണ് ഈ രണ്ട് പോസ്റ്റുകളും പങ്കുവെക്കുന്നത്.
ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുരുന്നുകളെ കുറിച്ച് അറിഞ്ഞപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ഭര്‍ത്താവ് സജിന്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും മക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് തിരിച്ചുവെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. വയനാട്ടുകാര്‍ ഇങ്ങനെ വേദനയില്‍ ആണ്ടുനില്‍ക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ പുതിയ നിര്‍വചനങ്ങള്‍ കൊണ്ട് അവരെ ചേര്‍ത്തുപിടിക്കുകയാണ് കേരളമാകെ. ദുരന്തഭൂമിയില്‍ മനുഷ്യന് പരസ്പരം കൈത്താങ്ങാവുന്നതും, ചേര്‍ത്തുപിടിക്കുന്നതും ഏറ്റവും പ്രതീക്ഷ നല്കുന്ന കാര്യമാണ്. ഇവര്‍ക്കു പുറമേ നിരവധി പേര് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ എത്തിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.