തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുധാകരന് നടത്തിയ പരാമര്‍ശത്തെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭവന നല്‍കണം. സര്‍ക്കാറിനെ വിമര്‍ശിക്കേണ്ട സമയമല്ലിത്. വയനാടിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സതീശന് പറഞ്ഞു. ദുരിതാശ്വാസനിധിയില്‍ സുതാര്യത വേണമെന്നും സതീശന് ആവശ്യപ്പെട്ടു.
വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. എംപിമാര്‍ ഉള്‍പ്പെടെ രാജ്യസഭയിലും ലോക്സഭയിലും ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയം ഇതല്ല. ദുരിതാശ്വാസ നിധി കൂടുതല്‍ സുതാര്യമാക്കണം. കണക്കുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാല്‍ പ്രശ്നം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരിതബാധിതര്‍ക്ക് കോണ്‍ഗ്രസ് 100 വീടുകള്‍ നല്‍കും. സര്‍ക്കാര്‍ ഭൂമി നല്കിയാല് അതില്‍ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നല്‍കണം. ദുരിതാശ്വാസ നിധിക്കെതിരെ കോണ്‍ഗ്രസ് നെഗറ്റിവ് ക്യാമ്പയിന് നടത്തുന്നില്ലെന്നും വി ഡി സതീശന് പറഞ്ഞു.