കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിച്ചില്‍ തുടരുന്നു. 100 പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ 400 ലെത്തി. 40 സംഘങ്ങളായി 1500 പേരാണ് തിരച്ചില്‍ നടത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.
ഇതുവരെ ദൗത്യസംഘം കടന്നെത്താത്ത സ്ഥലങ്ങളിലും തിരച്ചില്‍ നടത്തും. പുന്നപ്പുഴ വഴി മൃതദേഹങ്ങള്‍ ഒഴുകിപ്പോയി എന്നു കരുതുന്ന മേഖലകളിലും തിരച്ചില്‍ നടത്താനാണ് തീരുമാനം. സൂചിപ്പാറയ്ക്കും പോത്തുകല്ലിനും ഇടയില്‍ സണ്‍റൈസ് വാലി അടക്കമുള്ള പ്രദേശങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കും.
മോശം കാലാവസ്ഥയെത്തുടര്‍ന്ന് സൈനിക സംഘങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ അവിടേയ്ക്ക് എത്തിക്കാനായിട്ടില്ല. സൂചിപ്പാറയ്ക്കും പോത്തുകല്ലിനും ഇടയിലുള്ള തിരച്ചില്‍ അതിസാഹസികമായിട്ടുള്ളതാണ്. മൂന്ന് വെള്ളച്ചാട്ടങ്ങള്‍ കടന്നുവേണം പോത്തുകല്ലിലെത്താന്.നിലമ്പൂര്‍, മേപ്പാടി വനം ഡിവിഷനുകള്‍ക്ക് കീഴിലാണ് പ്രദേശങ്ങള്‍. വന്യമൃഗങ്ങള്‍ ധാരാളമായി കാണപ്പെടുന്ന മേഖലയാണിത്. സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിലെ വിദഗ്ധ പരിശീലനം ലഭിച്ച കമാന്‍ഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്.