Newsperseconds.com

‘മുണ്ടക്കൈ പി ഒ, 673577’; നാടിന്റെ മിടിപ്പായ ആ പോസ്റ്റ് ഓഫീസ് ഇനിയില്ല

Post Mundakai

ചൂരല്‍മല: നാലുപതിറ്റാണ്ടായുള്ള മുണ്ടക്കൈ പോസ്റ്റ് ഇനിയില്ല. ഒരു ദേശമൊന്നാകെ ദുരന്തം കവര്‍ന്നപ്പോള്‍ ഇല്ലാതായത് ‘673577’ എന്ന മുണ്ടക്കൈ പിന്‍കോഡ് കൂടിയാണ്. ഈ വിലാസത്തില്‍ മുണ്ടക്കൈ പ്രദേശത്തേക്ക് ഇനി കത്തുകള്‍ ഇല്ല. അവശേഷിക്കുന്ന ജനത ഈ വിലാസത്തിനൊപ്പം ഇനിയുണ്ടാകുമോ എന്നുമറിയില്ല. പലരേയും തേടിയെത്തിയ കത്തുകളും പെന്‍ഷനുകളും ജോബ് ലെറ്ററുകളും എത്താന്‍ ഇനി മുണ്ടക്കൈ പോസ്റ്റ് ഓഫീസ് ഇല്ല. വീടും സ്വത്തും വീട്ടുകാരും നഷ്ടപ്പെട്ടപ്പോള്‍ അവരുടെ വിലാസവും മുണ്ടക്കൈ പ്രദേശത്തിന് നഷ്ടപ്പെട്ടു. ആ ദുരന്ത രാത്രി ഇല്ലാതാക്കിയത് ഒരു കൂട്ടം മനുഷ്യരുടെ എല്ലാമാണ്. ഒന്നും ബാക്കിവെക്കാത്ത രാത്രി കഴിഞ്ഞിട്ട് ഇന്നേക്ക് 7 ദിവസം…ആരുടെ കണ്ണിലും കണ്ണീരില്ല. മരവിച്ച മനസ്സുമായി ക്യാമ്പുകളില്‍ കറുത്ത രാത്രിയുടെ ഓര്‍മ്മകളാല്‍ അവര്‍ക്ക് കണ്ണടക്കാനാവുന്നില്ല. മുണ്ടക്കൈ പോസ്റ്റ് ഓഫീസില്‍ മൂന്നൂറിലേറെ കുടുംബങ്ങളായിരുന്നു വിലാസക്കാര്‍. ഉറ്റവരും ജീവിതകാലം മുഴുവന്‍ സ്വരുക്കൂട്ടി വച്ചതും ഉരുള്‍പ്പൊട്ടല്‍ കവര്‍ന്നപ്പോള്‍ നാട് ഞങ്ങളെ ചതിച്ചു എന്ന് മാത്രമാണ് ക്യാംപിലുള്ള പലര്‍ക്കും പറയാന്‍ ബാക്കിയുള്ളത്. ചെളിയും കല്ലും ഒഴുകി വന്ന് പോസ്റ്റ് ഓഫീസ് അടക്കം കവര്‍ന്നെടുത്തു.

”തേടാന്‍ വിലാസക്കാരാരുമില്ല, ഇനി ആര്‍ക്കാണ് തപാല്‍ നല്‍കേണ്ടത്, പിന്നെയെന്തിനാണ് പോസ്റ്റ് ഓഫീസ്’- 33 വര്‍ഷമായി മുണ്ടക്കൈ പോസ്റ്റ്മാനായ പി ടി വേലായുധന്‍ ഇത് പറയുമ്പോള്‍ നെഞ്ച് പൊട്ടുകയാണ്. പോസ്റ്റ്മാസ്റ്റര്‍ അബ്ദുള്‍ മജീദിന് തപാലാപ്പീസ് വീട് പോലെയായിരുന്നു..വീടിനോട് ചേര്‍ന്നുള്ള മുന്‍ഭാഗത്തെ മുറിയായിരുന്നു നാടിന്റെ മേല്‍വിലാസം. മജീദിനും വേലായുധനും കുടുംബാംഗങ്ങളുടെ ജീവന്‍മാത്രം തിരിച്ചുകിട്ടി. മറ്റെല്ലാം മണ്ണ് മൂടി. ഉരുള്‍പൊട്ടുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പാണ്മജീദ് കുടുംബസമേതം മാറിയത്. ചൂരല്‍മലയില്‍നിന്ന് വേലായുധന്റെയും കുടുംബത്തിന്റെയും രക്ഷപ്പെടല്‍ അവിശ്വസനീയമായിരുന്നു. മേപ്പാടി സബ് ഡിവിഷനുകീഴില്‍ 1986ലാണ് മുണ്ടക്കൈയില്‍ പോസ്റ്റ് ഓഫീസ് തുടങ്ങിയത്. തൊഴിലാളികള്‍ക്കുള്ള കത്തുകള്‍ വന്നിരുന്നത് മാറി ജനവാസം കൂടിയതോടെ പ്രധാന സര്‍ക്കാര്‍ ഓഫീസായി. സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് മുതല്‍ പുഞ്ചിരിമട്ടംവരെയായിരുന്നു പരിധി. പുതിയകാലത്ത് കത്തില്‍ കുറവുണ്ടായെങ്കിലും നാടിന്റെ ഓരോ മിടിപ്പും തേയിലക്കാടിന് നടുവിലുള്ള ഈ പോസ്റ്റ് ഓഫീസിനെയും ടൗണിനെയും ചുറ്റിയായിരുന്നു. ഇനി മുണ്ടക്കൈ വിലാസത്തിലെ കത്തുകള്‍ ഓര്‍മ്മകള്‍ മാത്രം..

Share this Article

Leave a Comment