കല്‍പ്പറ്റ: ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്രസംഘം. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്. ദുരന്തബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചു.
മന്ത്രിസഭാ ഉപസമിതി അംഗമായ മന്ത്രി പി എ മുഹമ്മദ് റിയാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചചെയ്ത് ഇതുവരെയുള്ള സ്ഥിതി സംഘം മനസ്സിലാക്കി. ദുരന്തത്തിന്റെ ആദ്യദിനം മുതലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍, തിരച്ചില്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, പോസ്റ്റ്മോര്‍ട്ടം, ബന്ധുക്കള്‍ക്ക് കൈമാറല്‍, സംസ്കാരം, ഡിഎന്‍എ ടെസ്റ്റ്, മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക ഉള്‍പ്പെടെയുള്ളവ കലക്ടര്‍ ഡി ആര് മേഘശ്രീ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ വിശദീകരിച്ചു. പ്രദേശത്ത് ഉരുള്‍പൊട്ടലിന് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് വിശദീകരിച്ചു. ജനവാസമേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം വളരെ വലുതാണെന്നും പുനരധിവാസത്തിനുമാത്രമായി 2000 കോടി രൂപ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസംഘത്തെ ധരിപ്പിച്ചു.