Newsperseconds.com

വയനാട് ഉരുള്‍പൊട്ടല്‍; ജനകീയ തിരച്ചിലില്‍ സൂചിപ്പാറ ഭാഗത്തു നിന്നും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി

Sujipara

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ഇന്ന് നടത്തിയ ജനകീയ തിരച്ചിലില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. പരപ്പന്‍പാറയില്‍ സൂചിപ്പാറ താഴെ ഭാഗത്തു നിന്നുമാണ് മൂന്ന് ശരീരഭാഗങ്ങള്‍ ലഭിച്ചത്. സന്നദ്ധപ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ നടത്തുകയാണ്. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ കവറുകളിലേക്ക് മാറ്റി. ഇവ എയര്‍ലിഫ്റ്റ് ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. ഉരുള്‍പൊട്ടല്‍ ബാധിത മേഖലകളില്‍ ജനകീയ തിരച്ചില്‍ പുരോഗമിക്കുകയാണ്.

ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികള്‍ തിരച്ചിലിനുണ്ട്. കഡാവര്‍ നായ്ക്കളെയും തിരച്ചിലിനിറക്കും. എട്ട് മണിയോടെ തിരച്ചില്‍ തുടങ്ങി. കൂടുതല്‍ റിസ്‌ക്കുള്ള ഇടങ്ങളില്‍ പരിശോധനക്കായി സന്നദ്ധപ്രവര്‍ത്തകരായിരിക്കും ഇറങ്ങുക. പ്രദേശത്ത് നിന്നും സൈന്യം പൂര്‍ണമായും മടങ്ങിയിട്ടുണ്ട്.

അതേസമയം, മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this Article

Leave a Comment