ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ഒരിടവേളക്ക് ശേഷം ഇന്ന് വീണ്ടും പുനരാരംഭിക്കുന്നു. പുഴയിലെ കുത്തൊഴുക്ക് മൂന്ന് നോട്ടിലെക്ക് താഴ്ന്നിട്ടുള്ളതിനാല്‍ ജലനിരപ്പില്‍ കുറവുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നാവിക സേന ഒമ്പത് മണിയോടെ എത്തുമെന്നും സോണാര്‍ പരിശോധന നടത്തി സ്‌കൂബ ഡൈവിങ് നടത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നേരത്തെ പുഴയിലെ കുത്തൊഴുക്ക് ആറ് നോട്ടിലും കൂടുതലായിരുന്നതിനാല്‍ പുഴയിലിറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.
പുഴയില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മണ്‍തിട്ടകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ന്യൂന മര്‍ദ്ദ പാത്തി രൂപപെടുന്നതിന് മുന്നേയും പശ്ചിമ ഘട്ടത്തില്‍ മഴ പെയ്തു തുടങ്ങുന്നതിന് മുന്നേയും പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ക്രെയ്‌നും സോണാര്‍ ഉപകരണങ്ങളും മാത്രമുപ്രയോഗിച്ച് തിരച്ചില്‍ നടത്തുന്നത് ശ്രമകരമാണെന്നും ഡ്രഡ്ജര്‍ അടക്കമുള്ള നൂതന സംവിധാനങ്ങള്‍ കൊണ്ട് വന്ന് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കണമെന്നും അര്‍ജുന്റെ സഹോദരി ആവശ്യപ്പെട്ടു.