വയനാട്ടിലെ വനമേഖലകളില്‍ പരമ്പരാഗതമായി താമസിക്കുന്ന ആദിവാസികള്‍ക്കും ഗോത്രജനതയ്ക്കും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. വയനാട്ടിലെ വനങ്ങളില്‍ ആയിരക്കണക്കിന് ആദിവാസികള്‍ ജീവിക്കുന്നുണ്ട്. അവരെ മാറ്റി താമസിപ്പിക്കുന്നതോടൊപ്പം ആദിവാസി സമൂഹത്തിനനുയോജ്യമായ പ്രത്യേക ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. ആദിവാസി വികസനത്തിനായി പല പ്രൊജക്റ്റുകള്‍ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അവര്‍ സുരക്ഷിതരല്ല. ആദിവാസി വനമേഖലയെ കുറിച്ച് നിരവധി പരാതികളും പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലും ആദിവാസി സമൂഹങ്ങളോടുള്ള സമീപനങ്ങളില്‍ യാതൊരു മാറ്റവുമില്ലെന്ന് ഡോ.രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു. ആദിവാസി വികസനത്തിനായി ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങി വിവിധ വികസനപദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായിവിജയന് നിവേദനം നല്‍കുമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിരവധി കുടുംബങ്ങളെ ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ട്. ആദിവാസികളുടെ പുനരധിവാസത്തിനായി പിണറായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തര ശ്രദ്ധ ചെലുത്തണം. സ്വന്തം ഭൂമിയില്‍ തന്നെ അവകാശങ്ങള്‍ നഷ്ടപ്പെട്ടവരാണിവര്‍. ഇവര്‍ക്ക് ഭൂമിയില്‍ പ്രവേശിക്കാനോ ആദായമെടുക്കാനോ കഴിയാത്ത അവസ്ഥയാണ്. കാര്‍ഷിക ഭൂമിയില്‍ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ് പലരും. നിലവില്‍ ഭൂമിയും വരുമാനവും നഷ്ടപ്പെട്ട നിലയിലാണ് മിക്കവരും. ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ ആദിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കേണ്ടത് സര്‍ക്കാറാണ്. ഏതു നിമിഷവും തകര്‍ന്നു വീഴാന്‍ പാകത്തിലുള്ള വീടുകളില്‍ നിന്ന് വരുന്ന തുലാവര്‍ഷത്തേയും ഭീതിയോടെയാണ് ഈ കുടുംബങ്ങള്‍ ഉറ്റുനോക്കുന്നത്. ഇനിയുമൊരു ദുരന്തം താങ്ങാനുള്ള ശേഷി ഇവര്‍ക്കില്ല. സര്‍വ്വതും നഷ്ടപ്പെട്ട് ക്യാമ്പുകളിലും മറ്റും അതിജീവിക്കുന്ന ഇവരുടെ ക്ഷേമം സര്‍ക്കാറിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമാണ്. ഭൂമിക്ക് മേലുള്ള അധികാരമില്ലായ്മ തൊട്ട് സാമൂഹിക ക്ഷേമ മേഖലകളില്‍ നിന്നുള്ള അകറ്റിനിര്‍ത്തല്‍ വരെ, അവര്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഭൂരിപരിഷ്‌കരണ നടപടികളില്‍നിന്ന് ബോധപൂര്‍വം മാറ്റിനിര്‍ത്തപ്പെട്ട ആദിവാസികള്‍ പതിറ്റാണ്ടുകളായി ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലാണെന്നും ആ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഇതുവരെ കേരളം ഭരിച്ച ഒരു രാഷ്ട്രീയകക്ഷിക്കും എത്താനായില്ല എന്നതൊരു വസ്തുതയാണെന്നും ഡോ.രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി.