Newsperseconds.com

ജമ്മുകാശ്മീരും ഹരിയാനയും പോളിങ് ബൂത്തിലേക്ക്; വോട്ടെണ്ണല്‍ നാലിന്; കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉടനില്ല

Untitled 1

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. കശ്മീരില്‍ ആദ്യഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും അവസാനഘട്ടം ഒക്ടോബര്‍ ഒന്നിനുമാണ്. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിനാണ് വിധിയെഴുത്ത്. ഒക്ടോബര്‍ നാലിന് ഫലം പുറത്തുവരും. കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി വിജ്ഞാന് ഭവനിലെ പ്ലീനറി ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

കേരളത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലേയ്ക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഹരിയാനയിലും ജമ്മു കശ്മീരിലും മാത്രമാണ് നിലവില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 85 വയസ്സ് കഴിഞ്ഞവര്‍ക്ക് വീട്ടില്‍ വോട്ടുരേഖപ്പെടുത്താന്‍ സൗകര്യമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അവിടങ്ങളില്‍ സന്ദര്‍ശിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വേഗം തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ കണ്ട നീണ്ട പോളിങ് നിര ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ്. എത്രയും വേഗം വിധിയെഴുതാന്‍ ജനം ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. അവിടെ 87.09 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. പുതിയ വോട്ടര്‍മാരുടെ എണ്ണം 3.7 ലക്ഷത്തിലധികമാണ്. 74 ജനറല്‍ സീറ്റുകള്‍, 9 എസ്ടി, 7 എസ്സി മണ്ഡലങ്ങളുമാണ് ഉള്ളത്. 44.46 ലക്ഷം പുരുഷന്മാരും 44.62 ലക്ഷം സ്ത്രീകളും 169 ട്രാന്‍സ്‌ജെന്‍ഡേഴ്സുമാണ്.

Share this Article

Leave a Comment