Newsperseconds.com

കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Untitled 1

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറിയെന്ന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആശുപത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി നിര്‍ദേശം നല്‍കി. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ ഏഴുവയസ്സുകാരന്റെ തുടയിലാണ് സിറിഞ്ച് സൂചി തുളച്ചുകയറിയത്. ആശുപത്രി ജീവനക്കാരുടെ ഗുരുതര പിഴവുമൂലം 14 വര്‍ഷം തുടര്‍ച്ചയായി എച്ച്ഐവി, ടിബി ടെസ്റ്റുകള്‍ നടത്തേണ്ട ദുരവസ്ഥയിലാണ് കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടി. ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയില്‍ ജീവനക്കാര്‍ അലക്ഷ്യമായി ഉപേക്ഷിച്ച നീഡില്‍ കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയതോടെയാണ് ഈ ദുരവസ്ഥ. വീഴ്ചയില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കായംകുളം പൊലീസ് കേസെടുത്തിരുന്നു.

കടുത്ത പനിയെ തുടര്‍ന്നാണ് ഏഴ് വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ശരീര താപനില നിയന്ത്രിക്കാന്‍ സര്‍പ്പോസിറ്റര്‍ നല്‍കണമെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നാണ് കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. മാതാപിതാക്കള്‍ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുടയില്‍ തുളച്ചുകയറിയത്. രണ്ടാഴ്ചയ്ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Share this Article

Leave a Comment