ബെംഗളൂരു: മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യാന്‍ അനുമതി നല്കിയ ഗവര്‍ണറുടെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍. സിദ്ധരാമയ്യ നാളെ ഹൈക്കോടതിയെ സമീപിക്കും. കേസ് ഗൂഢാലോചനയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
2021ല്‍ മുഖ്യമന്ത്രിയുടെ ഭാര്യക്ക് മൈസൂരുവില്‍ നിന്ന് ലഭിച്ച ഭൂമിക്ക് പകരമായി മുഡ അവര്‍ക്ക് സ്ഥലം അനുവദിച്ചുവെന്നാണ് ആരോപണം. സിദ്ധരാമയ്യയ്ക്ക് വേണ്ടി കോണ്‍ഗ്രസിലെ ഡല്‍ഹിയില്‍ നിന്നുള്ള പ്രമുഖ അഭിഭാഷകരാവും കേസ് വാദിക്കുക. കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ശനിയാഴ്ചയാണ് അനുമതി നല്‍കിയത്. ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്‍, സ്നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.