കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ആശുപത്രിക്കുള്ളില്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇയാളെ അന്വേഷണ ഏജന്‍സി വിളിപ്പിക്കുന്നത്. സന്ദീപ് ഘോഷിന്റെ മൊഴികളും ആശുപത്രിരേഖകളും തീരെ ഒത്തുപോകുന്നിലെന്ന് സിബിഐ കണ്ടെത്തി.
സന്ദീപ് ഘോഷിന് മുന്‍പാകെ നിരവധി ചോദ്യങ്ങളാണ് സിബിഐ വെച്ചത്. വീട്ടുകാരെ അറിയിക്കാന്‍ ആരെ ചുമതലപ്പെടുത്തി?, കൊലപാതകം നടക്കുമ്പോള്‍ സന്ദീപ് ഘോഷ് എവിടെയായിരുന്നു? മരണ വിവരം അറിയിച്ചത് ആര് എന്നതടക്കമുള്ള സിബിഐ ചോദ്യങ്ങള്‍ക്ക് മുന്‍പാകെ സന്ദീപ് ഘോഷിന് ഉത്തരം മുട്ടി. വനിതാ ഡോക്ടര്‍ തുടര്‍ച്ചയായി 48 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നത് എങ്ങനെയാണെന്നും സിബി ഐ ചോദിച്ചു. സന്ദീപ് ഘോഷിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും.
ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റകൃത്യം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഡോക്ടര്‍ സന്ദീപ് ഘോഷ് രാജിവെച്ചിരുന്നു. മണിക്കൂറുകള്‍ക്കകം മറ്റൊരു മെഡിക്കല്‍ കോളേജിന്റെ തലവനായി. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നീക്കം തള്ളിയ കല്‍ക്കട്ട ഹൈക്കോടതി, ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്യേണ്ടത് ഡോ. ഘോഷിനെയാണെന്നും പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് സന്ദീപ് ഘോഷ് സിജിഒ കോംപ്ലക്‌സിലുള്ള സിബിഐ സിറ്റി ഓഫീസിലെത്തിയത്. മറ്റ് ചോദ്യങ്ങളുടെ കൂട്ടത്തില്‍, ദുരന്തത്തെക്കുറിച്ച് അറിയിച്ചതിന് ശേഷം ഇരയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ മൂന്ന് മണിക്കൂറിലധികം കാത്തിരിക്കാന്‍ പ്രേരിപ്പിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തോട് ചോദിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.