പോളണ്ടിലേക്കും ഉക്രെയ്നിലേക്കും മൂന്ന് ദിവസത്തെ പര്യടനത്തിനിടെ പ്രധാനമന്ത്രി മോദി വാഴ്സോയില്‍ സന്ദര്‍ശനം നടത്തി. 45 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരമാണ് താന്‍ ഉക്രെയ്നിലേക്ക് പോകുന്നതെന്നും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആ രാജ്യത്തേക്കുള്ള ആദ്യത്തെ സന്ദര്‍ശനമാണിതെന്നും മോദി പറഞ്ഞു.
ആഹ്‌ളാദാരവങ്ങളോടെയാണ് ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. സ്‌നേഹോഷ്മളമായ വരവേല്‍പ്പിന് പ്രസംഗത്തില്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധഘട്ടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പിന്തുണയിലും മോദി ഇന്ത്യന്‍ സമൂഹത്തിന് നന്ദി പറഞ്ഞു. പോളണ്ട് സന്ദര്‍ശിച്ച മോദി, വാര്‍സയിലെ ഗുഡ് മഹാരാജ സ്‌ക്വയര്‍ സന്ദര്‍ശിച്ചു. ജാംനഗറിലെ മുന്‍രാജാവിന്റെ സ്മാരകമാണിത്. മഹാരാജാ സ്‌ക്വയറിന് പുറമെ മറ്റ് രണ്ട് സ്മാരകങ്ങള്‍ കൂടി അദ്ദേഹം സന്ദര്‍ശിച്ചു. പോളണ്ട് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി യുക്രൈനും സന്ദര്‍ശിക്കും.
‘ഇന്ത്യ ബുദ്ധഭഗവാന്റെ രാജ്യമാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ആശയം വ്യക്തമാണ് – ഇത് യുദ്ധത്തിന്റെ കാലമല്ല. പ്രശ്‌ന പരിഹാരത്തിന് സംവാദത്തിലും നയതന്ത്രത്തിലുമാണ് ഇന്ത്യ വിശ്വസിക്കുന്നത്’. പ്രധാനമന്ത്രി പറഞ്ഞു. ‘എല്ലാവരുമായും സംവദിക്കുക, എല്ലാവരുടെയും വളര്‍ച്ചയ്ക്കായി സംസാരിക്കുക, എല്ലാവരുടെയും താത്പര്യങ്ങള്‍ക്കായി ചിന്തിക്കുക ഇതാണ് ഇന്നത്തെ ഇന്ത്യ. കൊവിഡ് വന്നപ്പോഴും മനുഷ്യത്വമാണ് ആദ്യമെന്ന് ഇന്ത്യ പറഞ്ഞു. ഞങ്ങള്‍ ലോകത്താകമാനം 150 ലേറെ രാജ്യങ്ങളിലേക്ക് മരുന്നുകളും വാക്‌സിനുകളുമയച്ചു. എവിടെയെങ്കിലും ഭൂചലനമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാല്‍ ഇന്ത്യക്ക് ഒന്നേ ഉള്ളൂ, ആദ്യം മനുഷ്വത്വം’, മോദി വ്യക്തമാക്കി.