കെഎസ്ഇബിക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെഎസ്ഇബി നിയമ നടപടി സ്വീകരിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാര്‍ത്ഥ വസ്തുതകള്‍ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്ന് കാണിച്ചാണ് ചാനല്‍ നടത്തിപ്പുകാരായ വടയാര്‍ സുനില്‍, ജി സിനുജി എന്നിവര്‍ക്ക് കെ എസ് ഇ ബി മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരന്‍ നായര്‍ വഴി വക്കീല്‍ നോട്ടീസ് അയച്ചത്.
”കെഎസ്ഇബി എന്ന കൊള്ളസംഘം; നിങ്ങള്‍ അറിയുന്നുണ്ടോ” എന്ന ശീര്‍ഷകത്തില്‍ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയാണ് ഇവര്‍ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയത്. കെഎസ്ഇബി നല്‍കുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങള്‍ ഒന്നൊന്നായി പരാമര്‍ശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമര്‍ശങ്ങള്‍ക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെഎസ്ഇബി അറിയിച്ചു.