തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രസ്താവനയല്ല പാര്‍ട്ടിയുടേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപി പറഞ്ഞ അഭിപ്രായം പാര്‍ട്ടി നിലപാടല്ല. പാര്‍ട്ടിയുടെ നിലപാട് പറയാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത് അധ്യക്ഷനെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിസാരവല്‍ക്കരിച്ച സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കെ സുരേന്ദ്രന്‍ രംഗത്ത് വന്നത്.
പാര്‍ട്ടി നിലപാടിനോട് ചേര്‍ന്ന് പോവുകയാണ് എല്ലാ പാര്‍ടി അംഗങ്ങളും ചെയ്യേണ്ടത്. ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാം. പാര്‍ട്ടി നിലപാട് പറയുന്നത് പാര്‍ട്ടി അധ്യക്ഷനാണ്. അതേസമയം, സുരേഷ് ഗോപിക്ക് മേല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം ഇല്ലേയെന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നുമായിരുന്നു സുരേന്ദ്രന്റെ മറുപടി.
ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയാണ് കാണിക്കുന്നത്. ഇഷ്ടക്കാര്‍ക്ക് എന്തുമാകാമെന്ന സര്‍ക്കാര്‍ നിലപാടാണ് മുകേഷിന്റെ ധാര്‍ഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എംഎല്‍എയുടെ രാജി എഴുതി വാങ്ങാന്‍ പിണറായി തയ്യാറാകണം. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.