ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ തിരുമല കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രം. കലിയുഗത്തിലെ പരീക്ഷണങ്ങളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാന്‍ ഭൂമിയില്‍ അവതരിച്ചതായി വിശ്വസിക്കപ്പെടുന്ന വിഷ്ണുവിന്റെ രൂപമായ വെങ്കിടേശ്വരനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും ഈ ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനെത്തുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം വെങ്കടേശ്വര ക്ഷേത്രത്തിലെത്തിയ ഒരു കുടുംബം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കാരണം വേറൊന്നുമല്ല ക്ഷേത്രത്തിലെത്തിയ ഈ നാലംഗ കുടുംബം അണിഞ്ഞിരുന്നത് 25 കിലോ സ്വര്‍ണാഭരണങ്ങള്‍ ആയിരുന്നു. അതായത് 180 കോടി രൂപയില്‍ അധികം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂനെയില്‍ നിന്നുള്ള ഈ കുടുംബം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. കഴുത്തില്‍ കട്ടിയുള്ള മാലകള്‍ കൊണ്ട് പെട്ടെന്ന് ആരും ശ്രദ്ധിക്കുന്ന രീതിയിലുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് സംഘത്തിലുള്ള യുവാവ് ധരിച്ചത്. ഇവര്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും അടങ്ങുന്നതായിരുന്നു ഈ നാലംഗ കുടുംബം. ഇവര്‍ നാലുപേരും ധരിച്ചിരുന്ന മുഴുവന്‍ ആഭരണങ്ങളും സ്വര്‍ണ്ണമായിരുന്നു. പ്രത്യേകമായി ഡിസൈന്‍ ചെയ്ത ചെയിനുകള്‍, വളകള്‍, മോതിരങ്ങള്‍, സണ്‍ഗ്ലാസുകള്‍ എന്നിവയായിരുന്നു ഇവര്‍ പ്രധാനമായും ധരിച്ചിരുന്നത്. ഇതിനുപുറമെ സംഘത്തില്‍ ഉണ്ടായിരുന്ന യുവതി ധരിച്ചിരുന്നത് സ്വര്‍ണ്ണപ്പാളികളാല്‍ ഡിസൈന്‍ ചെയ്ത സാരിയുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കി പ്രത്യേക സെക്യൂരിറ്റി ഗാര്‍ഡുകളും ഒപ്പം നടക്കുന്നതു കാണാം. സംഭവത്തിനെതിരെ വന്‍വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.