ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റായ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സാങ്കേതിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് 29 മുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് പോര്‍ട്ടലിലെ സേവനങ്ങള്‍ മുടങ്ങുമെന്നാണ് അറിയിപ്പ്. ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതല്‍ സെപ്റ്റംബര്‍ 2 രാവിലെ ആറുമണി വരെയാകും നിയന്ത്രണം. ഈ കാലയളവില്‍ പുതിയ അപ്പോയിന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയില്ല. നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകള്‍ പുനഃക്രമീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതൊരു പതിവ് നടപടിക്രമമാണെന്നും പൊതുജനങ്ങള്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോര്‍ട്ടല്‍ നിയന്ത്രണം മൂലം അപ്പോയിന്റ്മെന്റുകള്‍ മുടങ്ങിയവര്‍ക്ക് സെപ്റ്റംബര്‍ 2 മുതലുള്ള ദിവസങ്ങളില്‍ പുതിയ അപ്പോയിന്‍മെന്റുകള്‍ ലഭിക്കുമെന്ന് പാസ്പോര്‍ട്ട് ഓഫിസ് അധികൃതര്‍ അറിയിച്ചു. പുനഃക്രമീകരിച്ച തീയതികള്‍ അപേക്ഷകരെ ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും അറിയിക്കും.