കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുതിപ്പും ഊര്‍ജവും പകരുന്നതിനായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച കെഎഫ്‌സി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2024ന് തുടക്കമായി. സ്റ്റാര്‍ട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചര്‍ച്ച ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന പരിപാടിയില്‍ സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പ് രംഗത്ത് മികവ് തെളിയിച്ച കമ്പനികളുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള സ്റ്റാള്‍ ഈ കോണ്‍ക്ലേവിലെ ഒരു പ്രധാന ആകര്‍ഷണമാണ്.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി.) ബിസിനസ് 10,000 കോടി രൂപയാക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവും ബിസിനസ്പരവുമായ കാര്യങ്ങള്‍ക്കപ്പുറം അവയുടെ ഇന്ധനമായ ധനലഭ്യതക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനാണ് ഇത്തരത്തില്‍ ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതെന്നും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കുതിപ്പും ഊര്‍ജവും പകരുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കോണ്‍ക്ലേവ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണിന്ന് കെ എഫ് സി. ഇന്ത്യയില്‍ തന്നെ മുന്‍നിരയിലുള്ള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് നമ്മുടേത്. കെ എഫ് സി യുടെ ധനസഹായത്തോടെ ഒട്ടേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനകരമാണ്. ഇവയില്‍ 700-800 കോടി ടേണ്‍ ഓവറുള്ള വ്യവസായ സ്ഥാപനങ്ങള്‍ വരെയുണ്ട്.