തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നീക്കം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി. എന്നാല്‍ ഇപി ജയരാജന് സ്ഥാനമൊഴിയുമെന്നുള്ള വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു.
ഇ പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനറായിരിക്കെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ വന്‍വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടായത്. അതേസമയം വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ പി ജയരാജന് തയാറായില്ല. എന്നാല്‍ സംഭവത്തില്‍ രാജി സന്നദ്ധത സിപി ഐഎം സംസ്ഥാന സമിതിയെ അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലെ വീട്ടിലെത്തിയ ഇ പി ജയരാജന് ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോള്‍ പറയാമെന്നുമാണ് പ്രതികരിച്ചത്. എകെജി സെന്ററില്‍ നടക്കുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനെത്തിയ നേതാക്കളും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രകാശ് ജവദേക്കര്‍-ഇ പി ജയരാജന് കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദമായിരുന്നു. ദല്ലാള്‍ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി ജയരാജന്-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജന് ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തന്റെ മകന്റെ വീട്ടില്‍ വന്ന് ജാവദേക്കര്‍ കണ്ടിരുന്നുവെന്ന് ജയരാജന് സമ്മതിക്കുകയായിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇ പി ജയരാജനെ നേരത്തെ സിപിഐഎം ന്യായീകരിച്ചിരുന്നു.