മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ഗോകുലം ഗോപാലന്‍. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവാര്‍ത്തയുമായാണ് ഗോകുലം ഗോപാലന്‍ എത്തിയത്. എന്റെ കുടുംബം വയനാടിന് ഒപ്പം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ഫ്‌ളവേഴ്‌സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് ചടങ്ങില്‍ പ്രഖ്യാപിച്ചു.
അത് കൂടാതെ, തൊഴില്‍ രഹിതരായ 30 പേര്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആരുമില്ലാത്ത പത്ത് പേരെ ഏറ്റെടുക്കുമെന്ന് ഗോകുലം ഗോപാലന്‍ അറിയിച്ചു. മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെത്തി പ്രധാനമന്ത്രി താലോലിച്ച നൈസ മോളുടെ വിദ്യാഭ്യാസ ചെലവ് നടന്‍ വിനോദ് കോവൂര്‍ ഏറ്റെടുത്തു. പരിപാടിയില്‍ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ആര്‍മി, കേരള പൊലീസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആദരിച്ചു.