Newsperseconds.com

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധനക്ക് അനുമതി; തമിഴ്‌നാടിന്റെ വാദം തള്ളി; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷന്‍

Untitled 1

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷന്‍. പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധന നടത്തുന്നത്. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം തള്ളിയാണ് കേരളത്തിന് അനുമതി നല്‍കിയത്. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

2011 ലാണ് ഏറ്റവും അവസാനം മുല്ലപ്പെരിയാര്‍ ഡാമില്‍ സമഗ്ര സുരക്ഷ പരിശോധന നടത്തിയത്. അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്നും പകരം മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തുരങ്കം നിര്‍മിക്കണമെന്നുമായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞത്. തമിഴ്‌നാട്ടില്‍ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകള്‍ നിര്‍മിക്കണമെന്നും ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നു. കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷ പരിശോധന ആവശ്യമാണെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പരിശോധനയെ തമിഴ്‌നാട് എതിര്‍ത്തുവരികയായിരുന്നു. അറ്റകുറ്റപണി മതിയെന്നും സുരക്ഷാ പരിശോധന വേണ്ടെന്ന നിലപാടുമായിരുന്നു തമിഴ്‌നാടിന്റേത്.

വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചര്‍ച്ചകള്‍ നടക്കുകയും ഡാം ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ല്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്.

Share this Article

Leave a Comment